കൊവിഡ് 19; ആശുപത്രികളില്‍ രക്തം കിട്ടാനില്ല; വലഞ്ഞ് രോ​ഗികൾ

single-img
14 March 2020

കോവിഡ് 19 നിയന്ത്രണം കര്‍ശനമാക്കിയതോടെ ആശുപത്രികളില്‍ രക്തം കിട്ടാനില്ല. ആര്‍.സി.സിയില്‍ ഉള്‍പ്പെടെ ക്യാന്‍സര്‍ രോഗികളെല്ലാം ദുരിതത്തിലാണ്. ജനങ്ങൾക്ക് ആശുപത്രികളിൽ ചെല്ലാനുള്ള പേടിയും യാത്രകൾ ഒഴിവാക്കുന്നതും സ്ഥാപനങ്ങളും കോളേജുകളും അവധിയായതും എല്ലാം രക്തദാനത്തിന് തടസമാകുന്നു.

ആര്‍.സി.സി പോലുള്ള ആശുപത്രിയിൽ വരുന്ന 90% ക്യാൻസർ രോഗികൾക്കും രക്തം അത്യാവശ്യമാണ്. സിസേറിയൻ, ശസ്ത്രക്രിയകൾ, ആക്സിഡന്‍റുകള്‍ ഇവിടെയും ഇതേ പ്രശ്നമുണ്ട്. ഓരോ ദിവസവും നാലോ അഞ്ചോ യൂണിറ്റ് രക്തം ആവശ്യമായ നൂറു കണക്കിന് രോഗികളുണ്ട് ആര്‍.സി.സിയില്‍. ചികിത്സക്കായി പല നാടുകളില്‍ നിന്ന് എത്തിയവര്‍. ബ്ലഡ് ബാങ്കുമായി ബന്ധപ്പെട്ടും സന്നദ്ധ സംഘടനകളുടെ സഹായം തേടിയുമാണ് ഇവര്‍ രക്തം സംഘടിപ്പിക്കുന്നത്. എന്നാൽ കൊവിഡ് 19 ഭീതി ശക്തമായതോടെ ആശുപത്രികളിലേക്ക് വരാൻ ആളുകള്‍ തയ്യാറാകുന്നില്ല.

കോളജ് വിദ്യാര്‍ത്ഥികളാണ് രക്തദാനത്തില്‍ മുന്‍പില്‍. എന്നാല്‍ കോളജുകള്‍ അവധിയായതും ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വര്‍ക്ക് അറ്റ് ഹോം രീതിയിലേക്ക് മാറിയതും പ്രതിസന്ധി രൂക്ഷമാക്കി. സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിലും കുറവുണ്ട്.