ഇറ്റലിയിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും വില്‍ക്കുന്ന കടകള്‍ ഒഴികെ എല്ലാം പൂട്ടി: ആയിരത്തിലധികം പള്ളികൾ അടച്ചു

single-img
14 March 2020

ലോകത്ത് കൊവിഡ് 19 മൂലമുള്ള മരണനിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ വലിയ രീതിയിൽ  ഉയരുന്നു. രോഗം ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 5420 ആയി. 127 രാജ്യങ്ങളിലായി 1,42,792 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 1266 ആയി. സ്പെയിനിൽ 122 പേരും മരിച്ചു. അമേരിക്കയിൽ 40 പേർ മരിച്ചു. 1700 ഓളം പേർ ചികിൽസയിലാണ്. 

കൊവിഡ് രോ​ഗം പടരുന്നത് കണക്കിലെടുത്ത് അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന്  50,000 കോടി യു എസ് ഡോളര്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, എതോപ്യ എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ കൊറോണ ബാധിച്ച് രണ്ടുപേർ മരിച്ചു. കൊറോണ രോ​ഗബാധയുടെ പശ്ചാത്തലത്തിൽ സ്പെയിനും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 

രോഗം പടരുന്നത് തടയാന്‍ ഇറ്റലിയില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വില്‍ക്കുന്ന കടകള്‍ ഒഴികെ ഹോട്ടലുകളും ബാറുകളുമടക്കം എല്ലാ കടകളും പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റോമിലെ എല്ലാ കത്തോലിക്ക പള്ളികളും അടച്ചിടും. ആയിരത്തിലധികം പള്ളികളാണ് റോമില്‍ പൂട്ടുന്നത്. കൊറോണ വ്യാപനം കണത്തിലെടുത്ത് ഇറ്റലി ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സിംഗപ്പൂര്‍ വിലക്കേര്‍പ്പെടുത്തി.