കൊറോണ നിരീക്ഷണത്തിലിരിക്കുന്നതിനിടെ ചാടിപ്പോയ വിദേശികൾ പിടിയിൽ: കണ്ടെത്തിയത് വർക്കല ടൂറിസ്റ്റ് മേഖലയിൽ

single-img
14 March 2020

രാജ്യം മുഴുവൻ കൊറോണ ഭീതിയിൽ കഴിഞ്ഞുവരവേ ഉത്തരവാദത്വബോധമില്ലാതെ വിദേശികൾ ഉൾപ്പെടെയുള്ളവർ പെരുമാറുന്നത് പ്രതിസന്ധി കൂട്ടുന്നു. കൊറോണ വൈറസ് ലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലിരിക്കേ ആശുപത്രിയിൽ നിന്നും ആരോടും പറയാതെ ഇറങ്ങിപ്പോയ വിദേശദമ്പതികൾ മലയാളികളെ മുൾമുനയിലാക്കിയത് ചെറുതല്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മുങ്ങിയ വിദേശ ദമ്പതികളെ ഒടുവിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. 

വര്‍ക്കലയില്‍ നിന്നാണ് ബ്രിട്ടണില്‍ നിന്ന് ദോഹ വഴി കേരളത്തില്‍ എത്തിയ ദമ്പതികളെ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് സംഭവം. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരോട് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് കടന്നുകളഞ്ഞത്. 

ട്രെയിനില്‍ കായംകുളം ഭാഗത്തേയ്ക്ക് പോയതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ കണ്ടെത്തുന്നതിന് വേണ്ടി പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

ഒരു ഇറ്റലിക്കാരന്‍ ഉള്‍പ്പെടെ 19 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലി സ്വദേശി ഉള്‍പ്പെടെ തിരുവനന്തപുരത്തുളള മൂന്ന് പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. വിദേശിക്ക് കൊറോണ വൈറസ് കണ്ടെത്തിയതോടെ, ഹോം സ്‌റ്റേകളിലും റിസോര്‍ട്ടുകളിലും നിരീക്ഷണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.