ഇറ്റലിയിൽ നിന്നുമെത്തിയവർക്ക് പഞ്ചനക്ഷത്ര സൗകര്യങ്ങൾ വേണം: കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍ സൈന്യം പോലീസിൻ്റെ സഹായം തേടി

single-img
14 March 2020

കൊറോണ നിരീക്ഷണത്തിന് വിധേയരായി ഇറ്റലിയില്‍ നിന്നെത്തിയവര്‍ താമസിക്കുന്നകരസേനയുടെ മനേസറിലെ ക്വാറെന്റെന്‍ കേന്ദ്രത്തില്‍ പ്രതിസന്ധി. ഇറ്റലിയിൽ നിന്നുമെത്തിയവർ താമസിക്കാൻ പഞ്ചനക്ഷത്ര സൗകര്യം ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.  കോവിഡ് 19 ഭീഷണിയെത്തുടര്‍ന്നു വിദേശത്തുനിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ അടിയന്തരമായി തയാറാക്കിയ ഹരിയാനയിലുള്ള മനേസറിലെ കേന്ദ്രത്തിലാണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്. 

നിലവില്‍ ഇവിടെ 265 പേര്‍ നിരീക്ഷണത്തിലുണ്ട്. ഒരു ദിവസം 3.5 ലക്ഷം രൂപ സെെന്യം ഇവിടെ ചെലവഴിക്കുന്നുണ്ട്. ഇറ്റലിയില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ബുധനാഴ്ചയെത്തിയ 83 അംഗ സംഘത്തിലെ ഏതാനും പേരാണ്, പ്രത്യേക മുറിയും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങള്‍ വേണമെന്ന് ആവശ്യമുന്നയിച്ചത്. ഇതിനുള്ള പണം നല്‍കാമെന്നും ചിലര്‍ പറഞ്ഞു. ഇതേച്ചൊല്ലി ബഹളവുമുണ്ടാകുകയായിരുന്നു. 

വിമാനത്താവളത്തില്‍നിന്ന് ഇവിടെയെത്തിച്ചപ്പോള്‍ ബസില്‍നിന്നിറങ്ങാനും ആദ്യം പലരും തയാറായില്ലെന്നും സെെന്യം പറയുന്നു. ഒടുവിൽ സെെന്യത്തിനു പോലീസിനെ വിളിക്കേണ്ട സാഹചര്യവുമുകയും ചെയ്തു. ” ഇത് ആഡംബര ഹോട്ടലല്ലെന്ന് എല്ലാവരും മനസിലാക്കണമെന്ന്” സെെനിക വൃത്തങ്ങള്‍ നിരീക്ഷണത്തിന് വിധേയരായവരെ അറിയിച്ചു. 

ക്ളേശകരമായ സാഹചര്യത്തില്‍ സെെന്യം പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഇത്തരം പ്രശ്‌നങ്ങളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെെന്യത്തില്‍ നിന്ന് 60 പേരെയാണു കേന്ദ്രത്തിന്റെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുന്നത്. കൂടുതല്‍പേരെ രാജ്യത്തേക്കു തിരിച്ചെത്തിക്കുന്ന സാഹചര്യത്തില്‍ ഇവരെ പാര്‍പ്പിക്കാന്‍ സെെന്യത്തിൻ്റെ മറ്റ് ഏഴു കേന്ദ്രങ്ങള്‍ സജ്ജമാണെന്നും ആര്‍മി വക്താവ് കേണല്‍ അമന്‍ ആനന്ദ് അറിയിച്ചു. 

ജയ്‌സാല്‍മീര്‍, ഗോരഖ്പുര്‍, ജോധ്പുര്‍, ഝാന്‍സി, ദേവ്‌ലാലി, കൊല്‍ക്കത്ത, ചെെന്നെ എന്നിവിടങ്ങളിലാണ് നിരീക്ഷണ ക്യാമ്പുകൾ സജ്ജമാക്കിയിരിക്കുന്നത്. ഇറാനില്‍നിന്നു രണ്ടു വിമാനങ്ങളില്‍ കൊണ്ടുവരുന്ന 400 പേരെ ജയ്‌സാല്‍മീറിലേക്കു കൊണ്ടുപോകുമെന്നാണു സൂചന. കോവിഡ് 19 ബാധയെത്തുടര്‍ന്ന് രാജ്യത്തു സ്ഥാപിക്കപ്പെട്ട ആദ്യ നിരീക്ഷണ കേന്ദ്രമാണ് മനേസറിലത്. ആളുകളെ പ്രത്യേക ഗ്രൂപ്പുകളായി തിരിച്ച് 14 ദിവസം നിരീക്ഷിക്കുവാനാണ് ഇവിടെ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.