കൊവിഡ് ഭീതിയിൽ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ; പുറത്തിറങ്ങരുതെന്ന്​ കലക്​ടർ

single-img
14 March 2020

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആളുകൾ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് കളക്ടറുടെ നിർദ്ദേശം. തലസ്ഥാനത്തെ ഷോപ്പിങ്​ മാളുകൾ അടച്ചിടുമെന്നും ബീച്ചുകളിൽ സന്ദർശകരെ വിലക്കുമെന്നും ജില്ലാ കലക്​ടർ അറിയിച്ചു. ബ്യൂട്ടിപാർലറുകൾക്കും ജിമ്മുകൾക്കും കർശന നിയന്ത്രണമേർപ്പെടുത്തുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്ന് പേർക്ക് രോഗം സ്ഥിരീകരിക്കുകയും വർക്കലയിലെത്തിയ ഇറ്റാലയിൻ പൗരൻ പലസ്ഥലത്തും കറങ്ങിയതായുള്ള വിവരവും കിട്ടിയ സാഹചര്യത്തിലാണ് നിയന്ത്രണം.തിരുവനന്തപുരം ജില്ലയിൽ 249 പേരാണ്​ നിരീക്ഷണത്തിലുള്ളത്​. 231 പേർ വീട്ടിലും 18പേർ ആശുപത്രിയിലുമാണ്​ നിരീക്ഷണത്തിലുള്ളത്​. 70 സാമ്പിളുകളുടെ പരിശോധന ഫലങ്ങൾ ജില്ലയിൽ ഇനി ലഭിക്കാനുണ്ട്.

രോഗലക്ഷണമുള്ളവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്​. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക്​ മാത്രമേ പുറത്തിറങ്ങാവു. ഉത്സവങ്ങളും മറ്റ്​ ആഘോഷ പരിപാടികളും നിർത്തിവെക്കാൻ നോട്ടീസ്​ നൽകും. വർക്കലയിൽ ജാഗ്രത കൂട്ടണമെന്നും ജില്ലാ കലക്​ടർ നിർദേശിച്ചു.

അതേ സമയം തിരുവന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ ആരോടൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തുക ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുകയാണ്.കഴിഞ്ഞ മാസം 27നാണ് ഇറ്റാലിയൻ പൗരൻ ദില്ലി വഴി തിരുവനന്തപുരത്തെത്തിയത്. ആഭ്യന്തര വിമാന സർവ്വീസ് ആയതിനാൽ കൂടെയുള്ളവരെ ഇതുവരെ കണ്ടെത്താനായില്ല. ഈ മാസം പത്തിനാണ് ഇയാള്‍ക്ക് രോഗലക്ഷണം കണ്ടത്. ആശുപത്രിയിലേക്ക് ഓട്ടോയിലാണ് ഇയാൾ പോയത്. ഉത്സവത്തിനടക്കം ഇയാള്‍ പോയെന്നും വിവരമുണ്ട്.