അമേരിക്കയില്‍ അടിയന്തരാവസ്ഥ: 3.65 ലക്ഷം കോടി സഹായം നല്‍കി ട്രംപ്‌

single-img
14 March 2020

കോവിഡ് 19 വ്യാപനത്തില്‍ വിറങ്ങലിച്ച് ലോകം. വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 5374 ആയി. 122 രാജ്യങ്ങളിലായി ഒന്നരലക്ഷത്തോളംപേര്‍ ചികില്‍സയിലാണ്. 40പേര്‍ മരിച്ച അമേരിക്കയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ്​ 19 വൈറസ്​ ബാധ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രോഗത്തെ നേരിടുന്നതിനായി 5000 കോടി യുഎസ് ഡോളർ (3.65 ലക്ഷം കോടി രൂപ) സഹായവും പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിക്ക് (ഫെമ) കൂടുതൽ ഫണ്ട് ചെലവഴിക്കാനും കൂടുതൽ സംഘങ്ങളെ നിയോഗിക്കാനും കഴിയും.

അതേ സമയം ആഗോളതലത്തില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5417 ല്‍ എത്തി. ഇറ്റലിയില്‍ ഇന്നലെ മാത്രം 250 പേരാണ് മരിച്ചത്. വൈറസ് ബാധ തടയാന്‍ അതിര്‍ത്തി അടക്കുന്ന നടപടികള്‍ വിവിധ രാജ്യങ്ങള്‍ തുടരുകയാണ്. ചൈനയില്‍ മരണസംഖ്യ 3177 ആയി. സ്പെയിനിലും ഇറ്റലിയിലും അതിവേഗത്തിലാണ് മരണസംഖ്യ ഉയരുന്നത്. സ്പെയിനില്‍ രണ്ട് ദിവസത്തിനുള്ളില്‍ 133 പേരാണ് മരിച്ചത്. ഇറ്റലിയില്‍ ഇന്നലെ മാത്രം 250 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 137 രാജ്യങ്ങളിലായി ഒരുലക്ഷത്തി നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കോവിഡ് ബാധിച്ച് 120 പേർ മരിച്ച സാഹചര്യത്തിൽ സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. അടുത്ത 15 ദിവസത്തേക്കാകും അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി പെഡ്രോ സാൻചെസ് വെള്ളിയാഴ്ച അറിയിച്ചു. യൂറോപ്പ് കോവിഡ് 19ന്റെ വ്യാപനത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. ചൈനയേക്കാള്‍ ദൈനംദിന വ്യാപന തോത് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൂടുതലാണെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ തെദ്രോസ്‌ അധാനം ഗെബ്രെിയേസസ്‌ പറഞ്ഞു.