കൊറോണ ബാധ മൂലം മരിച്ചവരുടെ മൃതദേഹത്തിലൂടെ രോഗം പകരില്ല

single-img
14 March 2020

കൊറോണ ബാധയെ തുടർന്ന് മരിച്ചവരുടെ മൃതദേഹത്തിലൂടെ രോഗം പകരുമെന്ന അഭ്യൂഹങ്ങള്‍ ഇനി വേണ്ട. അത്തരത്തിൽ പ്രചരിക്കുന്ന നിഗമനങ്ങള്‍ വ്യാജമാണ് എന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ അറിയിച്ചു. വൈറസ് ബാധ ഉണ്ടായവർ ചുമക്കുകയോ തുമ്മുകയോ മറ്റ് ശ്വസനവുമായി ബന്ധപ്പെട്ട സ്രവങ്ങളിലൂടെയോ മാത്രമാണ് രോഗം പകരുകയുളളൂ.

അതുകൊണ്ടുതന്നെ വൈറസ് ബാധിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ അപകടം ഇല്ലെന്നാണ് രണ്‍ദീപ് ഗുലേറിയ പറയുന്നത്. മരണപ്പെട്ടവരെ മറവുചെയ്യാന്‍ സമ്മതിക്കാത്ത സംഭവങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. മരിച്ച വ്യക്തിയുടെ മൃതദേഹത്തില്‍ നിന്ന് രോഗം പകരുമെന്ന ഭീതിയില്‍ മരിച്ചവരുടെ വീടുകളില്‍ പോലും പലരും പോയിരുന്നില്ല.

ഇതിന് മുൻപ് കേരളത്തെ ആശങ്കയിലാഴ്ത്തിയിരുന്ന നിപ്പയും, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്ന എബോളയും പക്ഷെ രോഗി മരിച്ചാലും ഇവയുടെ വൈറസുകള്‍ ചാകില്ലായിരുന്നു. അവ മൃതാദേഹങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് പകരുന്ന സാഹചര്യം ഉണ്ടായിരുന്നു. ആ സമയം രോഗബാധയാൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ ആശുപത്രി അധികൃതര്‍ തന്നെ കത്തിക്കുകയായിരുന്നു പതിവ്.