കൊറോണയെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു; മരണപ്പെട്ടവരുടെ കുടുംബത്തിന് 4ലക്ഷം

single-img
14 March 2020

കൊറോണ വൈറസ് രോഗബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വൈറസ് ബാധയാല്‍ മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് നാലു ലക്ഷം രൂപ സഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുവരെ ഇന്ത്യയില്‍ രണ്ടുപേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

കര്‍ണാടകയിലും ഡല്‍ഹിയിലുമാണ് മരണം സംഭവിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഡല്‍ഹി ജനക്പുരിയില്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 68 വയസ്സുകാരിയാണ് ഇന്നലെ മരിച്ചത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലായിരുന്നു ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്. തീര്‍ത്ഥാടന സൌദിയില്‍ പോയി തിരികെയെത്തിയ മുഹമ്മദ് ഹുസൈന്‍ സിദ്ധിഖിയാണ് ഇവിടെ മരിച്ചത്. അതേസമയം രാജ്യമാകെ ഇതുവരെ 85 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇവയില്‍ തന്നെ 22 പേര്‍ കേരളത്തിലാണ്. ഇന്ത്യയില്‍ ആകെ 42,000 പേരാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് രാജ്യമിപ്പോള്‍. ഇനിയുള്ള രോഗത്തിന്റെ മൂന്നാംഘട്ട വ്യാപനം തടയാനോ വൈകിപ്പിക്കാനോ ഉള്ള തീവ്രശ്രമത്തിലാണു കേന്ദ്രസര്‍ക്കാര്‍. മൂന്നാം ഘട്ട രോഗ വ്യാപനം തടയാന്‍ 30 ദിവസമാണ് ഉള്ളത്.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.