നികുതി അടയ്ക്കുന്നതില്‍ വിജയ് വിട്ടുവീഴ്ച വരുത്തിയിട്ടില്ല; കണക്കുകള്‍ പുറത്തുവിട്ട് ഖുശ്ബു

single-img
14 March 2020

നടന്‍ വിജയിക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടികള്‍ വന്‍ വിവാദമായിരുന്നു. ഏറെ നാളത്തെ പരിശോധനകള്‍ക്കും ചോദ്യം ചെയ്യലികള്‍ക്കുമൊടുവില്‍ അധികൃതര്‍ വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു.ഇപ്പോഴിതാ വിജയ് സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് നടി ഖുശ്ബു സുന്ദര്‍.

ആദായനികുതി വകുപ്പ് വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ ഖുശ്ബു രംഗത്തെത്തിയത്. നികുതി അടയ്ക്കുന്ന കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നാണ് വിവരങ്ങള്‍ പുറത്തുവിട്ട് ഖുശ്ബു പറയുന്നത്.

ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഖുശ്ബു വിവരങ്ങള്‍ പുറത്ത് വിട്ടത്. ബിഗില്‍ എന്ന ചിത്രത്തിന് വിജയ് 50 കോടിയാണ് പ്രതിഫലം വാങ്ങിയത്. ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന് 80 കോടിയും വിജയ് വാങ്ങി. എന്നാല്‍ നികുതിയുടെ കാര്യത്തില്‍ വിജയ് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച നടത്തിയിട്ടില്ലെന്ന് ഖുശ്ബു പറഞ്ഞു.

മാസ്റ്റര്‍ സിനിമയുടെ നെയ്വേലിയിലെ ലൊക്കേഷനില്‍ വെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിജയ്യിനെ കസ്റ്റഡിയിലെടുത്തത്. ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ചായിരുന്നു റെയ്ഡ് നടന്നത്. താരത്തിന്റെ നീലാങ്കരയിലും സാലിഗ്രാമത്തുമുള്ള വീടുകളില്‍ റെയ്ഡ് നടത്തി. നീണ്ട 30 മണിക്കൂറോളം താരത്തെ ചോദ്യംചെയ്യുകയും ചെയ്തു. ഒടുവില്‍ അനധികൃത പണമൊന്നും കണ്ടെത്താനാവാതെ മടങ്ങുകയായിരുന്നു.