തകര്‍ന്നടിഞ്ഞ് ഓഹരി വിപണി; കരകയറാനാകാതെ സെന്‍സെക്‌സും നിഫ്റ്റിയും

single-img
13 March 2020

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ഇടിവിനെ തുടര്‍ന്ന് രാവിലെ വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സെന്‍സെക്‌സും നിഫ്റ്റിയും 1000 പോയിന്റിനും മുകളില്‍ ഇടിഞ്ഞതിനെ തുടര്‍ന്നാണ് വ്യാപാരം നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യം ഉണ്ടായത്.2008ന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ വ്യാപാരം നിര്‍ത്തിവെക്കുന്നത്. 10.20 വരെയാണ് വ്യാപാരം നിര്‍ത്തിവച്ചത്. വ്യാപാരം തുടങ്ങിയ ഉടന്‍ ഇരു സൂചികകളും 10 ശതമാനത്തിന്റെ നഷ്ടം നേരിട്ടതോടെ വ്യാപാരം നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

താല്‍കാലികമായി നിര്‍ത്തിയ വ്യാപാരം പിന്നീട് പുനഃരാരംഭിച്ചു. നിഫ്റ്റി 150 പോയിന്റ് ഉയര്‍ന്നെങ്കിലും ആ നേട്ടം തുടര്‍ന്ന് നിലനിര്‍ത്താനായില്ല. ബിഎസ്ഇയില്‍ 88 കമ്ബനികളുടെ ഓഹരികള്‍മാത്രമാണ് നേട്ടത്തിലുണ്ടായിരുന്നത്. 1400 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 10.07 ശതമാനമാണ് നിഫ്റ്റിയില്‍ രേഖപ്പെടുത്തിയ നഷ്ടം. ഓഹരി 2400 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിയുകയാണ്. 74.40 രൂപയാണ് ഇന്നത്തെ വിനിമയ മൂല്യം. ആഗോള വിപണിയിലെ വില്‍പന സമ്മര്‍ദം മൂലമാണ് ഓഹരി വിപണിയില്‍ വന്‍ നഷ്ടമുണ്ടായത്. ഏഷ്യന്‍ വിപണികളും വന്‍ നഷ്ടമാണ് അഭിമുഖീകരിക്കുന്നത്. ജപ്പാന്‍ സൂചിക നിക്കി 8.3, ചൈനയിലെ ഷാങ്ഹായ് 3.3, ഹോങ്ങ്കോങ് ഹാങ്സങ് ആറ്, സിംഗപ്പൂര്‍ അഞ്ച്, ദക്ഷിണകൊറിയയിലെ കോസപി അഞ്ച് ശതമാനം എന്നിങ്ങനെയാണ് വിവിധ സൂചികകളില്‍ രേഖപ്പെടുത്തിയ നഷ്ടം. കഴിഞ്ഞ ദിവസം അമേരിക്കന്‍ വിപണിയിലും നഷ്ടത്തിലാണ് വ്യാപാരം നടന്നത്.