ഹലാൽ ഫുഡ് വഴി കൊറോണ വരുമെന്ന് ഏതേലും ഫേക്ക് ഐഡി വെച്ച് കാച്ചാം: സംഘപരിവാർ രഹസ്യ ഗ്രൂപ്പിലെ സ്ക്രീൻഷോട്ടുകൾ പുറത്ത്

single-img
13 March 2020

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച് സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ പദ്ധതിയിടുന്ന സംഘപരിവാർ രഹസ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിലെ സ്ക്രീൻഷോട്ടുകൾ പുറത്ത്. ഹലാൽ ഭക്ഷണം വഴി കൊറോണ പടരുമെന്ന് വ്യാജ ഐഡികൾ വഴി പ്രചരിപ്പിക്കുന്നതടക്കമുള്ള കുടില ചിന്തകളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

ശബരിമലയിൽ വൃദ്ധയെ ആക്രമിച്ച കേസിലെ പ്രതിയും ബിജെപി ആറന്മുള നിയോജകമണ്ഡലം ഭാരവാഹിയുമായ സൂരജ് എലന്തൂർ ആണ് കൊറോണയെയും മുസ്ലീങ്ങളെയും ബന്ധിപ്പിക്കുന്ന “ഹലാൽ പോസ്റ്റ്” ഇടാനുള്ള ബുദ്ധിയുമായി ഗ്രൂപ്പിൽ എത്തിയത്.

“ഹലാൽ ഫുഡിൽക്കൂടി കൊറോണ പകരുമെന്ന് ഏതേലും ഫേക്ക് ഐഡി വെച്ച് കാച്ചിയാൽ നന്നാവൂലേ?” എന്നായിരുന്നു സൂരജിന്റെ പോസ്റ്റ്.

ചൂടുള്ള കാലാവസ്ഥയിൽ കൊറോണ വ്യാപനം കുറവായതിനാൽ (sic) കേരളത്തിൽ കൊറോണ കാര്യമായി വ്യാപിക്കില്ലെന്നും കേന്ദ്രസർക്കാർ കൊറോണയ്ക്കെതിരായി ചെയ്യുന്ന കാര്യങ്ങൾ കൂടുതലായി പ്രചരിപ്പിക്കണമെന്നും ഗ്രൂപ്പിൽ മറ്റൊരാൾ ഇട്ട പോസ്റ്റിൽ പറയുന്നു.



ശൈലജ ടീച്ചറെ അടുത്ത മുഖ്യമന്ത്രിയാക്കണം എന്ന രീതിയിൽ ഒരു പ്രചാരണം നടത്തണമെന്നും അതുവഴി സിപിഎമ്മുകാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കണമെന്നും ചിലർ നിർദ്ദേശിക്കുന്നു. “തമ്മിലടിപ്പിക്കാനുള്ള ഒരു സെറ്റപ്പ് ഉണ്ടാക്കാം.” എന്നായിരുന്നു ഒരു കമന്റ്.

എന്നാൽ ഇത്തരത്തിൽ തമ്മിലടിപ്പിക്കാൻ പ്രചാരണം നടത്തിയത് തിരിച്ചടിച്ച് “ഒരു മേയറെ എംഎൽഎ ആക്കി, ഇനി ഇതുകൂടി ചെയ്യൂ” എന്ന് ഒരാൾ കമന്റിൽ മുന്നറിയിപ്പ് നൽകുന്നുമുണ്ട്. വട്ടിയൂർക്കാവിൽ വിഒകെ പ്രശാന്ത് എംഎൽഎ ആയ കാര്യമാണ് കമന്റിലൂടെ ഇയാൾ സൂചിപ്പിക്കുന്നത്.

സംഘികൾ വിഷങ്ങൾ ആണ്..അതിലേറെ വിഷങ്ങൾ ആണ് അവർ ക്രിയേറ്റ് ചെയ്യുന്ന വ്യാജ നിർമ്മിതികൾ #CongRSS കാരും ലീഗുക്കാരും,…

Posted by Titto Antony on Friday, March 13, 2020

സിപിഎമ്മിന് തുടർഭരണം കിട്ടുമെന്ന ആശങ്കയും സംഘപരിവാർ പ്രവർത്തകർ കമന്റുകളിൽ പങ്കുവെയ്ക്കുന്നുണ്ട്. “എങ്ങനെയായാലും അവർ തന്നെ അധികാരത്തിൽ വരും, അപ്പോൾപ്പിന്നെ പതിനഞ്ചു സീറ്റിലെങ്കിലും നമ്മൾ ജയിക്കാൻ നോക്കുന്നതല്ലേ നല്ലത്?” എന്നാണ് മറ്റൊരു കമന്റ്.

ഈ കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ സ്ക്രീൻഷോട്ടുകളുടെ ആധികാരികത നേരിട്ട് ഉറപ്പുവരുത്താൻ ഇവാർത്തയ്ക്ക് സാധിച്ചിട്ടില്ല.