പാകിസ്ഥാനുൾപ്പടെയുള്ള രാജ്യങ്ങളുമായി കൊവിഡ് 19നെതിരെ സംയുക്ത പ്രതിരോധ നീക്കത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
13 March 2020

ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19നെതിരെ പാകിസ്ഥാനുൾപ്പടെയുള്ള രാജ്യങ്ങളുമായി സംയുക്ത പ്രതിരോധ നീക്കത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. സാർക് രാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുക്കവെ വീഡിയോ കോൺഫറൻസിലൂടെ ആലോചിച്ച് പ്രതിരോധ നടപടികൾ തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിർദ്ദേശത്തോട് വളരെ അനുഭാവ പൂര്‍ണ്ണമാണ് പാക്കിസ്ഥാൻ പ്രതികരിച്ചത്.

നരേന്ദ്ര മോദി മുന്നോട്ടുവെച്ച നിർദ്ദേശം തങ്ങൾ കാര്യമായി തന്നെ പരിഗണിക്കുമെന്ന് പാക് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിന്റെ തുടർച്ചയായി പാക് ദേശീയ സുരക്ഷ കൗൺസിൽ മോദിയുടെ നിർദ്ദേശം ചർച്ച ചെയ്യും.അതേസമയം കൊറോണ രോഗബാധ ഉയ‍ര്‍ത്തിയ വെല്ലുവിളിയെ തുട‍ര്‍ന്ന് പാർലമെൻറ് സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ ആവശ്യപ്പെട്ടു.

ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സഭയിൽ ഹാജരാവാൻ ബിജെപി എംപിമാർക്ക് വിപ്പു നല്കി. ധനാഭ്യർത്ഥനകൾ ഒന്നിച്ചു പാസാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.കൊറോണയെ തുടർന്ന് രാജ്യത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത ക‍ര്‍ണാടകത്തിൽ മാര്‍ച്ച് 20 വരെ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.