മകന്‍ ‘സൂപ്പര്‍ മുഖ്യമന്ത്രി’യാകുന്നു; കർണാടകയിൽ യെദിയൂരപ്പക്കെതിരെ 16 എൽഎമാർ രംഗത്ത്

single-img
13 March 2020

കർണാടക സർക്കാരിലെ ബിജെപി എംഎൽഎമാര്‍ക്കിടയില്‍ മുഖ്യമന്ത്രിയായ ബി എസ് യെദിയൂരപ്പക്കെതിരെ അമര്‍ഷം പുകയുന്നതായി റിപ്പോർട്ടുകൾ. നിലവിൽ കർണാടകയിൽ 16 എംഎല്‍എമാര്‍ യെദിയൂരപ്പയുടെ ഭരണനിര്‍വഹണത്തിനെതിരെ നിയമസഭ കക്ഷി യോഗത്തിനിടെ വിമർശനവുമായി രംഗത്തെത്തി.

മുഖ്യമന്ത്രി എന്ന നിലയിൽ യെദിയൂരപ്പ ഭരണനിര്‍വഹണ കാര്യത്തില്‍ പരാജയമാണെന്നും സംസ്ഥാനത്തെ മറ്റുള്ള മന്ത്രിമാരുടെയും എംഎല്‍എമാരുടെയും കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ കുടംുബം കൈകടത്തുകയാണെന്നും അവർ ആരോപിക്കുന്നു.

കർണാടകയിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു വിഭാഗം എംഎല്‍എമാര്‍ നേരത്തെ യോഗം ചേര്‍ന്നിരുന്നു. യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര സംസ്ഥാനത്ത് ‘സൂപ്പര്‍ മുഖ്യമന്ത്രി’യായി പ്രവര്‍ത്തിക്കുന്നുവെന്ന് ഈ എംഎല്‍എമാര്‍ ആരോപിക്കുന്നു.

സംസ്ഥാനത്തെ മന്ത്രിസഭ പുന:സംഘടന നടത്തിയപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ജനതാദളില്‍ നിന്നും വന്നവര്‍ക്ക് മാത്രമേ മന്ത്രിസ്ഥാനം നല്‍കിയുള്ളൂ എന്നും വര്‍ഷങ്ങളായി ബിജെപിയ്ക്കായി പ്രവര്‍ത്തിക്കുന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയില്ല എന്നും ഇവര്‍ക്ക് ആക്ഷേപമുണ്ട്.



അതേസമയം തന്നെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ മന്ത്രിയുമായ ജഗദീഷ് ഷെട്ടാറും വിമത എംഎല്‍എമാരുടെ യോഗത്തില്‍ പങ്കുചേര്‍ന്നു എന്നതും വിഷയത്തെ ഗൗരവമാക്കുന്നു. മുന്‍പ്തന്നെ യെദിയൂരപ്പ അനുകൂലികളായിരുന്ന എംഎല്‍എമാരും ഇപ്പോഴത്തെ നീക്കത്തിനൊപ്പമുണ്ട്. യെദിയൂരപ്പയുടെ സമുദായത്തില്‍ നിന്നുള്ള മറ്റൊരു നേതാവിനെയും വളരാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവും ഇവര്‍ ഉയര്‍ത്തുന്നു.