“ചുമ ഉണ്ടെന്ന് പറഞ്ഞിട്ടും വീട്ടിലേക്ക് പറഞ്ഞുവിട്ടു”; തിരുവനന്തപുരം മെഡിക്കൽ കോളെജിലുണ്ടായത് വൻ വീഴ്ച്ച

single-img
13 March 2020

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് വ്യാപിപ്പിക്കുമ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളെജിലുണ്ടായത് വൻ വീഴ്ച്ച. തലസ്ഥാനത്ത് ആദ്യമായി കൊറോണ ബാധ സംശയിക്കുന്ന യുവാവിന്റെ കേസിന് ആശുപത്രി അധികൃതർ വേണ്ട ​ഗൗരവം കൊടുത്തില്ല എന്നാണ് ആരോപണം.

ഐസൊലേഷനിൽ കഴിയാൻ തയാറായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതെന്ന് കൊവിഡ് ബാധ സംശയിച്ച് ഐസൊലേഷൻ വാര്‍ഡിൽ കഴിയുന്ന യുവാവ് പറഞ്ഞു . വിമാനത്താവളത്തിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വയം സന്നദ്ധനായാണ് വിവരം അറിയിച്ചതെന്നും എന്നാൽ കൊവിഡ് 19 ന്‍റെ മറ്റ് ലക്ഷണങ്ങൾ കാണാത്തതിനാൽ വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ ആയിരുന്നു രണ്ടിടത്തും നിന്നും നിർദേശമെന്നും അദ്ദേഹം പറഞ്ഞു.പരിശോധനയ്ക്ക് ശേഷം വീട്ടിൽ പോയത് ഓട്ടോറിക്ഷയിലാണ്. ആംബുലൻസിൽ തന്നെ പോകണമെന്ന നിർദേശം ആരോഗ്യ പ്രവര്‍ത്തകരിൽ നിന്നോ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരിൽ നിന്നോ ലഭിച്ചില്ല. പോകുന്ന വഴിയിൽ കടയിലും കയറി. അതേസമയം കൂടുതൽ ആളുകളോട് സമ്പര്‍ക്കം പുലർത്തിയിട്ടില്ലെന്നും ഐസൊലേഷനിൽ കഴിയുന്ന വ്യക്തി പറഞ്ഞു.ഇറ്റലിയില്‍ നിന്നെത്തിയ വെള്ളനാട് സ്വദേശിക്കാണ് തിരുവനന്തപുരത്ത് കൊവിഡ് 19 രോഗബാധ സംശയിക്കുന്നത്. പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവാണ്. അന്തിമ പരിശോധനാ ഫലം കാത്തിരിക്കുകയാണ് അധികൃതര്‍.

ഇറ്റലിയിൽ നിന്ന് വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് രണ്ട് ദിവസം മുൻപ് യുവാവ് തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തിൽ നിന്ന് യുവാവ് നേരെ പോയത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ്.