ആശ്വാസമായി പത്തനംതിട്ടയിൽ 10 പേരുടെ ഫലം നെ​ഗറ്റീവ് ; 3 പേരെ ഐസലേഷനിൽ പ്രവേശിപ്പിച്ചു

single-img
13 March 2020

പത്തനംതിട്ട ∙ ജില്ലയിൽ നിരീക്ഷണത്തിലുളള 10 പേര്‍ക്ക് കോവിഡില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. 2, 6 വയസ് വീതമുള്ള കുട്ടികളും ആശുപത്രിയില്‍നിന്ന് ചാടിപ്പോയ ആളും ഇതില്‍ ഉള്‍പ്പെടും. പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുളള 10 പേര്‍ക്ക് കോവിഡില്ലെന്നാണ് പുതിയ പരിശോധന റിപ്പോര്‍ട്ട്. അതേസമയം, ശബരിമലയിലേക്ക് ആരെങ്കിലും എത്തിയാല്‍ വൈദ്യപരിശോധന നടത്തും.

അതിനിടെ, പത്തനംതിട്ടയില്‍ മൂന്നുപേരെ കൂടി ഐസലേഷനില്‍ പ്രവേശിപ്പിച്ചു‍. ഇവരുടെ സ്രവസാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍. നിരീക്ഷണത്തിലുളളവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും.തിരുവനന്തപുരത്ത് രോഗം സംശയിക്കുന്ന ഇറ്റലിയില്‍നിന്നെത്തിയ ആളുടെ അന്തിമപരിശോധനാ ഫലവും ഇന്ന് ലഭിക്കും. ഇന്നലെ രണ്ടുപേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ കനത്ത ജാഗ്രത തുടരുകയാണ്. ദുബായില്‍നിന്നുവന്ന കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളജിലും ഖത്തറില്‍നിന്നുവന്ന തൃശൂര്‍ സ്വദേശി തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ചികില്‍സയിലാണ്.

അതിനിടയിൽ മാര്‍ച്ച് അഞ്ചിന് രാവിലെ കരിപ്പൂരില്‍ ഇറങ്ങിയ കണ്ണൂര്‍ സ്വദേശിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ദുബായില്‍നിന്നെത്തിയ എസ്ജി 54 സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.കണ്ണൂര്‍ സ്വദേശിയെ സ്വീകരിക്കാനെത്തിയ കുടുംബാംഗങ്ങളും കണ്ണൂരിലെ ടാക്സി ഡ്രൈവറും നിരീക്ഷണത്തിലാണ്. ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങളിലെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും. ഫെബ്രുവരി 29ന് റാന്നിയില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പമാണ് തൃശൂര്‍ സ്വദേശി വിമാനത്തില്‍ യാത്രചെയ്തത്. റാന്നി സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതുവരെ തൃശൂര്‍ സ്വദേശി നിരീക്ഷണത്തിലായിരുന്നില്ല. ഈ സമയം സിനിമ തിയറ്ററിലിലും മാളിലും വിവാഹ നിശ്ചയ ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് എട്ടുവരെ നടത്തിയ യാത്രകളുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.