കൊവിഡ്19 വ്യാപനത്തില്‍ വിറച്ച് ലോകം ;ലോകനേതാക്കൾക്ക് പലർക്കും രോ​ഗബാധ

single-img
13 March 2020

ചെെനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ്19 വ്യാപനത്തില്‍ വിറച്ച് ലോകം. ഇപ്പോൾ 121 രാജ്യങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിലും ഇറാനിലും രോഗബാധിതരുടെ എണ്ണവും മരണവും അതിവേഗം വര്‍ധിക്കുകയാണ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ്അതിവേ​ഗം പടർന്നു പിടിക്കുന്ന വെെറസ് ലോക നേതാക്കളെയും പിടി കൂടിയിരിക്കുകയാണ്.

കൊറോണ സംശയത്തെ തുടര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയയും നിരീക്ഷണത്തിലാണ്. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സോഫിയയ്ക്ക് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. അതിനിടെ, ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേയിക്കും കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്പെയിനിലെ വനിതാ മന്ത്രിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. സമത്വ മന്ത്രി ഐറിന മൊണ്ടേരോയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഐറിനയുടെ ഭര്‍ത്താവും ഉപപ്രധാനമന്ത്രിയുമായ പാബ്ലോ ഇഗ്ലേസിയാസിനെയും വീട്ടില്‍ ഐസലേഷനിൽ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്പെയിനില്‍ കര്‍ശനനിയന്ത്രണം ഏർപ്പെടുത്തി. നാലുനഗരങ്ങള്‍ അടച്ചു.

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനൊപ്പം ഭക്ഷണം കഴിച്ച ബ്രസീൽ ഉന്നത ഉദ്യോഗസ്ഥനും കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീൽ പ്രസിഡന്‍റിന്‍റെ കമ്യൂണിക്കേഷൻ സെക്രട്ടറി ഫാബിയോ വജ്ഗാർട്ടനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രസിൽ പ്രസിഡന്‍റ് ബൊൽസനാരോ, ബ്രസിൽ പ്രതിരോധമന്ത്രി അസെവെഡോ, വിദേശകാര്യ മന്ത്രി ഏണസ്റ്റോ അറൗജോ, വ്യവസായ സുരക്ഷാ മന്ത്രി അഗസ്റ്റോ ഹെലോനോ തുടങ്ങിയവരും പ്രസ്തുത പാർട്ടയിൽ പങ്കെടുത്തിരുന്നതായാണ് വിവരം.

അതിനിടെ, ചെല്‍സി ഫുട്ബോള്‍ താരം ഹഡ്സണ്‍ ഒഡോയ്ക്കും ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് ആര്‍സനലിന്റെ പരിശീലകനും കോവിഡ് 19 സ്ഥിരീകരിച്ചു. 4000ല്‍ അധികം പേര്‍ ലോകത്താകമാനം വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തി ഇരുപത്താറായിരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.