കൊറോണയെ നേരിടാൻ ഹിന്ദു മഹാസഭ ‘ഗോമൂത്ര പാര്‍ട്ടി’ സംഘടിപ്പിക്കുന്നു

single-img
13 March 2020

ലോകമാകെ ഭീതി വിതയ്ക്കുന്ന കൊറോണ വൈറസിനെ നേരിടാന്‍ ഹിന്ദു മഹാസഭ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കുന്നു. ഈ പാർട്ടി വരുന്ന ശനിയാഴ്ച രാജ്യ തലസ്ഥാനമായ ഡൽഹിയിലെ മന്ദിര്‍ മാര്‍ഗിലെ മഹാസഭ ഭവനിൽ ഉച്ചക്ക് 12 മണി മുതല്‍ നടക്കും. പരിപാടിയുടെ പ്രഖ്യാപനവുമായി പോസ്റ്ററും ഹിന്ദു മഹാസഭ പുറത്തു വിട്ടു.

ഹിന്ദു മഹാസഭയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്, യുവസനാത സേവാ സന്‍ഗത് ദേശീയ പ്രസിഡണ്ട് ബംബും താക്കൂര്‍ എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിൽ ഉണ്ട്.

ഇതുവരെ ഇന്ത്യയിൽ ആറ് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹിന്ദുമഹാസഭ ഇത്തരത്തിലൊരു ‘നടപടി’യ്ക്ക് മുതിരുന്നതെന്ന് സംഘടനാ പ്രസിഡന്റ് ചക്രപാണി മഹാരാജ് നേരത്തെ ഒരു മാധ്യമത്തിനോട് പറഞ്ഞിരുന്നു. പശുവിന്റെ മൂത്രം, ചാണകം തുടങ്ങിയവയെല്ലാം കൊറോണ വൈറസിനെ എങ്ങനെ നേരിടുന്നുവെന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ സാധാരണയായി ഒരു ടീ പാര്‍ട്ടി എങ്ങിനെ നടത്തുന്നു അതുപോലെ പോലെ ഗോമൂത്ര പാര്‍ട്ടി നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ആ പരിപാടിയിൽ വെച്ച് ഞങ്ങള്‍ ജനങ്ങള്‍ക്ക്, പശു തരുന്ന ഉല്‍പ്പന്നങ്ങള്‍ എങ്ങനെ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് ബോധ്യപ്പെടുത്തികൊടുക്കും. അതുവഴി ജനങ്ങളെ രക്ഷിക്കും.’- അദ്ദേഹം പറഞ്ഞു.

പാർട്ടി നടത്താനായി പ്രത്യേകം ഗോമൂത്ര കൗണ്ടറുകള്‍ ഉണ്ടാകുമെന്നും ഇവിടെ നിന്നും ചാണകം കൊണ്ടുണ്ടാക്കിയ കേക്കും അഗര്‍ബത്തികളും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം ജനങ്ങൾ ഉപയോഗിക്കുന്നതോടെ കൊറോണ വൈറസ് ഉടന്‍ ഇല്ലാതാകുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.