എല്ലാ റിക്രൂട്ട്മെന്റ് റാലികളും മാറ്റിവെക്കുന്നതായി കരസേന; യാത്രകള്‍ നിയന്ത്രിക്കാന്‍ എല്ലാ റാങ്കിലുമുള്ള സൈനികര്‍ക്ക് നിര്‍ദ്ദേശം

single-img
13 March 2020

രാജ്യമാകെ കൊറോണ വൈറസ് ഭീതി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള ഒരു മാസത്തേക്ക് എല്ലാ റിക്രൂട്ട്മെന്റ് റാലികളും മാറ്റിവെക്കുന്നതായി ഇന്ത്യൻ കരസേന അറിയിച്ചു. ജനങ്ങൾ ആകെ പരിഭ്രാന്തിയിലായ സമയമായതിനാൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കുംമുൻകരുതലിനും പ്രഥമ പരിഗണന നൽകാൻ സേനാംഗങ്ങൾ ശ്രദ്ധിക്കണമെന്ന് സൈനികനേതൃത്വം പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു. സൈനികർ അത്യാവശ്യ ഡ്യൂട്ടികൾക്കല്ലാതെയുള്ള യാത്രകൾ പരമാവധി നിയന്ത്രിക്കണം.

അത്യാവശ്യമല്ലാത്തവ ഒഴിവാക്കണം. പകരം വീഡിയോ കോൺഫറൻസിംഗ് സൗകര്യം പരമാവധി വിനിയോഗിക്കണം. ഇന്ത്യൻ ആർമിയിലെ എല്ലാ റാങ്കിലുമുള്ള സൈനികർക്കുമായാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. എല്ലാ സൈനിക കമാൻഡ് ഹെഡ്ക്വാർട്ടേഴ്സുകളിലും ക്വാറന്റൈൻ സൗകര്യം സജ്ജമാക്കണമെന്നും നിർദ്ദേശമുണ്ട്.

ഇതിന്റെ ഭാഗമായി മനേസറിൽ കരസേന 300 ബെഡ്ഡുകളുള്ള ക്വാറന്റൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. 1000 ആളുകളെ പാർപ്പിക്കാവുന്ന ക്യാംപുകൾ ജോധ്പുർ, ജയ്സാൽമീർ, ഝാൻസി എന്നിവിടങ്ങളിലും കരസേന സജ്ജമാക്കിയിട്ടുണ്ട്. അതേപോലെ തന്നെ പശ്ചിമ ബംഗാളിലെ ബിന്നാഗുരി, ബിഹാറിലെ ഗയ എന്നിവിടങ്ങളിലും ക്വാറന്റൈൻ സൗകര്യം സജ്ജമാക്കി കഴിഞ്ഞു.