കോവിഡ് 19: ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പര ബിസിസിഐ ഉപേക്ഷിച്ചു

single-img
13 March 2020

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര ബിസിസിഐ ഉപേക്ഷിച്ചു. ഇന്ത്യയിലാകെ വര്‍ദ്ധിച്ചുവരുന്ന കൊറോണ ഭീതിയാൽ പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളും ഉപേക്ഷിച്ചതായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ന് അറിയിക്കുകയായിരുന്നു.

ഈ മാസം 15 -ന് ലഖ്‌നൗവിലും 18 -ന് കൊല്‍ക്കത്തയിലുമായിരുന്നു മത്സരങ്ങള്‍ നിശ്ചയിച്ചത്. കൊറോണയെ തുടർന്ന് വാണിജ്യ താല്പര്യങ്ങളെ മുൻനിർത്തി ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ ഇരു ഏകദിനങ്ങളും സംഘടിപ്പിക്കാന്‍ ബിസിസിഐ ആലോചിച്ചിരുന്നു. പക്ഷെ ടീമുകളിലെ താരങ്ങളുടെ സുരക്ഷ കൂടി മാനിച്ച് പരമ്പര ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനമെടുക്കുകയായിരുന്നു.

പര്യടനത്തിനായി എത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഉടന്‍ ഡൽഹിയിൽ എത്തുമെന്നും ഏറ്റവും അടുത്ത വിമാനത്തിന് നാട്ടിലേക്ക് തിരിച്ചുപറക്കുമെന്നും ബിസിസിഐ വക്താവ് അറിയിച്ചു. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ മൂന്ന് ഏകദിന മത്സരങ്ങളായിരുന്നു നിശ്ചയിച്ചിരുന്നത്. ഈ മാസം 12 -ന് പരമ്പരയ്ക്ക് തുടക്കമായെങ്കിലും ആദ്യ മത്സരം മഴ കാരണം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു.