കേരളത്തിൽ തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു

single-img
13 March 2020

കേരളത്തിൽ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ മുതൽ രോഗം സംശയിക്കുന്ന രോഗിക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ കഴിയുന്ന ഇറ്റാലിയൻ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു വിദേശിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടുകൂടി കേരളത്തിൽ ഇതുവരെ ചികിത്സയിൽ കഴിയുന്ന രോഗബാധിതരുടെ ആകെ എണ്ണം 19 ആയി.

അതേസമയം സംസ്ഥാനത്ത് ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ 5468 ആളുകൾ നിരീക്ഷണത്തിലുണ്ട്. 69 പേര് ഇന്ന് മാത്രം അഡ്മിറ്റായി. ഇതുവരെ1715 സാമ്പിളുകൾ പരിശോധനക്ക് അയച്ചപ്പോൾ 1132 ഫലങ്ങളും നെഗേറ്റിവ് ആണ്. ബാക്കിയുള്ള ഫലങ്ങൾക്കായി കാത്തിരിക്കുന്നു.

വിദേശ സഞ്ചാരികൾ എത്തുന്ന ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന രോഗബാധ ഉള്ള രാജ്യങ്ങളിലെ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ തിരുവനന്തപുരത്ത് മൂന്ന് പേരും പത്തനംതിട്ടയിൽ ഒൻപത് പേരും കോട്ടയത്ത് രണ്ട് പേരും എറണാകുളത്ത് മൂന്ന് പേരും തൃശ്ശൂരിലും കണ്ണൂരിലും ഓരോ പേരുമാണ് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.