മധ്യപ്രദേശില്‍ നിന്നും നിന്നും കോണ്‍ഗ്രസ് പാഠം പഠിച്ചില്ലെങ്കില്‍ ഇനി രാജസ്ഥാനിലും ആവര്‍ത്തിക്കും; മുന്നറിയിപ്പുമായി ശിവസേന

single-img
12 March 2020

മധ്യപ്രദേശിൽ കോൺഗ്രസ്‌ നേതാവായ കമൽ നാഥിന്റെ കീഴിലുള്ള സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ച് ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും രാജി വെച്ചതിൽ കോൺഗ്രസിനെതിരെ വിമർശനവുമായി സഖ്യകക്ഷിയായ ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് രൂക്ഷമായ വിമർശനം ഉന്നയിച്ചത് .

മധ്യപ്രദേശിൽ നേരിട്ട സാഹചര്യങ്ങളിൽ നിന്നും കോൺഗ്രസ് ഇനിയും പാഠം പഠിച്ചില്ലെങ്കിൽ ഈ സ്ഥിതി ഇനി വീണ്ടും രാജസ്ഥാനിലായിരിക്കും അവർത്തിക്കുകയെന്നും ലേഖനത്തിൽ പറയുന്നു. ജ്യോതിരാദിത്യസിന്ധ്യയുടെ നേതൃത്വത്തിൽ 22 എംഎൽഎമാർ രാജിവെച്ചു. സിന്ധ്യയാവട്ടെ ഇപ്പോൾ ബിജെപിയിൽ ചേർന്നുകഴിഞ്ഞു. മധ്യപ്രദേശിൽ കോൺഗ്രസ് നയിക്കുന്ന സർക്കാർ വീണാൽ അതിന്റെ ക്രെഡിറ്റ് ബിജെപിക്കല്ല. കമൽനാഥിന്റെ അശ്രദ്ധയും ധാർഷ്ട്യവും യുവതലമുറയെ വിലകുറച്ചുകാണുന്ന പ്രവണതയുമാണ് എന്ന് ലേഖനം പറയുന്നു.

മധ്യപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജ്യോതിരാദിത്യ സിന്ധ്യയെയാണ് ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ പിന്നീട് പാർട്ടിയിലെ മുതിർന്ന നേതാക്കൾ അദ്ദേഹത്തെ തള്ളിമാറ്റുകയായിരുന്നു. കർണാടകയിൽ കുമാരസ്വാമി സർക്കാർ വീണപ്പോൾ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയെ ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന പാർട്ടിയെന്നാണ് വിശേഷിപ്പിച്ചതെന്നും സാമ്ന ഓർമ്മിപ്പിച്ചു.