എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് ആറ് വർഷംകൊണ്ട് വർദ്ധിച്ചത് 60 ലക്ഷം രൂപയുടെ സമ്പാദ്യം

single-img
12 March 2020

എന്‍സിപിയുടെ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്‍റെ സമ്പാദ്യം കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 60 ലക്ഷം രൂപ വര്‍ദ്ധിച്ചതായി സത്യവാങ്മൂലം. ഈ മാസം 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കായി ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോഴാണ് സ്വത്തുവിവരങ്ങള്‍ ഉൾപ്പെടുത്തിയത്. ആകെ 32.73 കോടി രൂപയുടെ ആസ്തിയാണ് ശരദ് പവാറിനുള്ളതായി സത്യവാങ്മൂലത്തില്‍ പറയുന്നത്.

അതേസമയം അദ്ദേഹം തന്റെ അനന്തരവനായ അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറിന്‍റെയും ബന്ധു പാര്‍ത്ഥ് പവാറിന്‍റെയും ഷെയറുകള്‍ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയുടെ ബാധ്യതയുള്ളതായും പറയുന്നുണ്ട്. 2014ൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ശരദ് പവാറിന് 20,47,99,970.41 രൂപയുടെ ജംഗമ സ്വത്തുക്കളും11,65,16,290 രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ടെന്നായിരുന്നു അന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

മാത്രമല്ല, തനിക്ക് ബാധ്യതകളൊന്നും ഇല്ലെന്നും അന്നത്തെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 25,21,33,329 രൂപയുടെ ജംഗമ സ്വത്തുക്കളും 7,52,33,941 രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണുള്ളത്.