‘ലോകം മുഴുവന്‍ ശൈലജ ടീച്ചറെ ഉറ്റുനോക്കുന്നത് നിങ്ങള്‍ക്ക് സഹിക്കില്ല’; ചെന്നിത്തലയ്ക്ക് മറുപടി നല്‍കി ഷാന്‍ റഹ്മാന്‍

single-img
12 March 2020

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ഷൈലജയെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍. സംസ്ഥാനത്ത് നിപ്പ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിങ്ങള്‍ മാളങ്ങളില്‍ ഒളിച്ചസമയത്ത് ദീരമായി പോരാടി വിജയം നേടിയ ആരോഗ്യമന്ത്രിയാണ് കെ കെ ഷൈലജയെന്ന് ഷാന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഷാന്‍ തന്റെ പ്രതികരണം അറിയിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

”ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് ആരോഗ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ലോകം മുഴുവന്‍ അവരെ ഉറ്റുനോക്കുകയാണ്. ലോകം മുഴുവന്‍ നമ്മളില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ല എന്ന് അറിയാം. പ്രശസ്തി മുഴുവനും അവര്‍ കൊണ്ടുപോകുമോ എന്ന ഭയമാണ് നിങ്ങള്‍ക്ക്. പ്രശസ്തിക്ക് വേണ്ടി ഒന്നും ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അത് ശൈലജ ടീച്ചര്‍ മാത്രമാണ്. അവര്‍ അവരുടെ കടമ ചെയ്യുന്നു എന്നുമാത്രം. പ്രതിപക്ഷത്തിന്റെ പ്രവൃത്തി ലജ്ജാകരമാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് ചീപ്പ് നാടകമാണ് നിങ്ങള്‍ കളിക്കുന്നത്. ആരോഗ്യമന്ത്രി പറഞ്ഞത് പോലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്.”

ദിവസവും നാലു പത്രസമ്മേളനങ്ങള്‍ നടത്തുന്ന ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ ആണെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.
എല്ലായിപ്പോഴും വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയാലും മതി. നിയമസഭയിലെ കാര്യങ്ങള്‍ തനിക്ക് അനുകൂലമായി മന്ത്രി പ്രചരിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ സഭ നിര്‍ത്തിവെക്കുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. ഇത് അനാവശ്യ ഭീതി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകാനാണ് വഴിവെക്കുക. ലോക്സഭയോ മറ്റ് സംസ്ഥാന നിയമസഭ സമ്മേളനങ്ങളോ കൊറോണ ഭീതിയുടെ പേരില്‍ നിര്‍ത്തിവെക്കുന്നില്ലല്ലോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കൊറോണ പ്രതിരോധ നടപടികളോട് പ്രതിപക്ഷം നല്ല രീതിയില്‍ സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ട്. സര്‍ക്കാര്‍ നടപടികളില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ച ഉണ്ടായാല്‍ ചൂണ്ടിക്കാട്ടാനുള്ള ഏക വേദിയാണ് നിയമസഭ. ഇതാണ് പ്രതിപക്ഷം കഴിഞ്ഞദിവസം സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ആരോഗ്യമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ വളരെ മോശമായ പ്രചാരണമാണ് നടത്തിയത്.

ജനങ്ങള്‍ ഞങ്ങളോട് പറയുന്ന ആശങ്കകളാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. സഭയില്‍ നടന്ന കാര്യങ്ങള്‍ വെട്ടി, അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് പ്രതിപക്ഷത്തെ അപമാനിക്കാനാണ് ശ്രമിച്ചത്. ഇമേജ് ബില്‍ഡിംഗ് അല്ല ആവശ്യം. ഈ ഏര്‍പ്പാട് മന്ത്രി നിര്‍ത്തണം. ആളുകള്‍ പരിഭ്രാന്തിയിലാണ്. സംസ്ഥാനത്ത് ആവശ്യത്തിന് മാസ്‌കുകളില്ല, വേണ്ടത്ര സൗകര്യങ്ങളില്ല, ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള നടപടികളാണ് വേണ്ടത്. എയര്‍പോര്‍ട്ടുകളില്‍ ഇപ്പോഴും വേണ്ടത്ര പരിശോധന നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

When W.H.O (World Health Organisation) has declared the Corona Virus or Covid19 as Pandemic (a disease that spreads over…

Posted by Shaan Rahman on Thursday, March 12, 2020