മനുഷ്യരുടെ സുരക്ഷയ്ക്ക് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് പശുക്കളുടെ സുരക്ഷയ്ക്ക്: കപില്‍ സിബല്‍

single-img
12 March 2020

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടന്ന വർഗീയ കലാപങ്ങളിൽ കേന്ദ്രസര്‍ക്കാരിനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം പി കപില്‍ സിബല്‍. രാജ്യ സഭയിൽ നടന്ന ചര്‍ച്ചയിലാണ് കപില്‍ സിബല്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്. കേന്ദ്ര സർക്കാർ മനുഷ്യരുടെ സുരക്ഷയ്ക്ക് പകരം പശുക്കളുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് സിബല്‍ പറഞ്ഞു.

ഡൽഹിയിൽ നടന്ന കലാപം തികച്ചും ആസൂത്രിതമായിരുന്നെന്നും പാവങ്ങളെ ശിക്ഷിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയുമാണെന്നുംഅദ്ദേഹം ആരോപിച്ചു. കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ട്ബിജെപി നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തിയത് കുറ്റകൃത്യമാണെന്നറിഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ല.
കാരണമായി ഇത് കേസെടുക്കാന്‍ പറ്റിയ സമയമല്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞത്. ദയവ്ചെയ്ത് ആ നിയമം എനിക്കൊന്നു പഠിപ്പിച്ചു തരൂവെന്നും സിബല്‍ പരിഹസിച്ചു.

അതേപോലെ തന്നെ ജമ്മു കാശ്മീരില്‍ സംസ്ഥാന നേതാക്കളെ വീട്ട് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെയും സിബല്‍ ചോദ്യം ചെയ്തു. തലസ്ഥാനത്തു കലാപം നടക്കുമ്പോള്‍ എങ്ങനെയാണ് ആഭ്യന്തര മന്ത്രിക്ക് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനാകുന്നത്. കലാപങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസം കഴിഞ്ഞാണ് പ്രതികരിച്ചത്.

സ്വാതന്ത്രം ലഭിച്ച ശേഷം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇരുന്ന കസേരയിലാണ് ഇപ്പോൾ അമിത് ഷാ ഇരിക്കുന്നത്.
അമിത് ഷാ താൻ ഇരിക്കുന്ന കസേരയെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.