ഇന്ത്യന്‍ കാലാവസ്ഥയില്‍ കൊറോണ വൈറസിന് നിലനില്‍ക്കാനാകില്ലെന്ന വാദം ശാസ്ത്രീയ അടിത്തറയില്ലാത്തത്: കേന്ദ്ര ആരോഗ്യ വകുപ്പ്

single-img
12 March 2020

ഇന്ത്യയിലെ ചൂട് കൂടിയ കാലാവസ്ഥയില്‍ കൊറോണവൈറസിന് അതിജീവിക്കാനാകില്ലെന്ന വാദത്തിന് ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ല എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. ഇന്ത്യൻ കാലാവസ്ഥയില്‍ വൈറസിന് നിലനില്‍ക്കാനാകില്ലെന്ന വാദം തെളിയിച്ചിട്ടില്ല. വളരെ ഉയർന്ന താപനിലയാണെങ്കില്‍ വൈറസുകള്‍ക്ക് നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നത് പൊതുവാദം മാത്രമാണ്. ഇതിന് ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ വിവിധ ഭാഗങ്ങളിൽ തെറ്റായ കാര്യങ്ങൾ ശാസ്ത്രീയ തെളിവുകളില്ലാത്ത സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ 27 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസിന് നിലനില്‍ക്കാനാകില്ലെന്നായിരുന്നു പ്രധാനവാദം. അതിന് ഉദാഹരണമായി അമേരിക്കയിലും ചൈനയിലും നടന്ന ചില പഠനങ്ങളില്‍ ഇക്കാര്യം പറയുന്നുണ്ടെന്നായിരുന്നു ഇവരുടെ വാദം. ഇവയെ പക്ഷെ തുടക്കത്തിൽ തന്നെ ലോക ആരോഗ്യ സംഘടന തള്ളിയിരുന്നു.

രോഗം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിലെ രോഗം പടര്‍ന്ന സമയത്തെ താപനിലയും രോഗം കുറഞ്ഞപ്പോഴുള്ള താപനിലയും താരതമ്യം ചെയ്ത് ചിലര്‍ നടത്തിയ പഠനത്തില്‍ താപനില വൈറസ് ബാധയെ സ്വാധീനിക്കുമെന്ന് അവകാശപ്പെട്ടെങ്കിലും അതിനെയും അന്താരാഷ്ട്ര ശാസ്ത്ര സമൂഹം അംഗീകരിച്ചിട്ടില്ല. അതേസമയം ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കൊറോണവൈറസ് എല്ലാ കാലവാസ്ഥിയലും പടരാന്‍ സാധ്യതയുണ്ടെന്നും അവകാശപ്പെട്ടിരുന്നു.