വാക്‌സിനേഷന്‍ ആരോപണം; സെന്‍കുമാറിന് ഡോ. ഷിംന അസീസിന്റെ മറുപടി

single-img
12 March 2020

കൊറോണ വൈറസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ടി പി സെന്‍കുമാറിനെതിരെ പ്രതികരിച്ച വ്യക്തിയാണ് ആരോഗ്യപ്രവര്‍ത്തകയായ ഡോ. ഷിംന അസീസ്. ഇപ്പോഴിതാ പോളിയോ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളന ത്തില്‍ സെന്‍കുമാര്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്‍കിയിരി ക്കുകയാണ് ഡോ. ഷിംന. വാക്‌സിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത സാഹചര്യത്തില്‍ പൊതുജനമധ്യത്തില്‍ സ്വയം വാകിസിനെടുത്ത് കാണിച്ച സംഭവം ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് ഡോ. ഷിംനയുടെ മറുപടി.

വാക്‌സിനേഷനെതിരായി സംസ്ഥാനത്ത് പ്രചാരണം നടന്നപ്പോള്‍ അതിനെതിരെ ഷിംന അസീസ് പ്രതികരിച്ചതായി കണ്ടില്ലെന്നായിരുന്നു സെന്‍കുമാറിന്റെ പ്രസ്താവന. എന്നാല്‍ കേരളത്തിന്റെ വാക്‌സിനേഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താന്‍ നടത്തിയ ഇടപെടലുകളുടെ തെളിവുകള്‍ സഹിതമായിരുന്നു ഡോക്ടറുടെ മറുപടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഷിംനയുടെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

കഴിഞ്ഞ ദിവസം “ഒരു മുൻ ഡി.ജി.പി ടെ ഇന്റർനെറ്റ്‌ കണക്ഷൻ ഒന്നു കട്ട്‌ ചെയ്യാവോ… കോവിഡ്‌ 19 വൈറസ്‌ ബാധ തടയുന്ന പ്രവർത്തനങ്ങളെ അത്‌ വലിയ രീതിയിൽ സഹായിക്കും.” എന്ന് ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു.

പാടില്ലായിരുന്നു. ഒരിക്കലും ഞാനങ്ങനെ പറയാൻ പാടില്ലായിരുന്നു. മനുഷ്യർക്ക് കാര്യവിവരം ഉണ്ടാവുന്നത് വായനയിലൂടെയുമാണെന്നും, വായന സാധ്യമാവണമെങ്കിൽ ഇന്റർനെറ്റ് ഒരു അവശ്യഘടകമാണെന്നും അറിഞ്ഞിട്ടും ഞാനങ്ങനെ പറയാൻ പാടില്ലായിരുന്നു. മിയ കുൽപ.

ആ പോസ്റ്റ് കണ്ട ആരോ അപ്പൊത്തന്നെ പോയി അയാൾടെ ഇന്റർനെറ്റ് കട്ട് ചെയ്തോ എന്തോ… അങ്ങനെ തോന്നാൻ കാരണം സെൻകുമാർ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ ദേ ഇങ്ങനെ പറയുന്നത് കേട്ടു :

“ഷിംന അസീസിന്റെ ഇതിനു മുൻപുള്ള ഫേസ്ബുക്കിലെ സ്റ്റേറ്റ്മെന്റ് നോക്കിക്കോളൂ… വാക്സിൻ ഉപയോഗിക്കരുത് എന്ന് പറഞ്ഞ് വലിയ പ്രചരണങ്ങൾ ഉണ്ടായിരുന്നു, അതിനെതിരെ ഇവർ എന്തെങ്കിലും പറഞ്ഞോ…? കുട്ടികൾക്ക് ഒരുതരം വാക്സിൻ കൊടുക്കരുത് എന്ന് പറഞ്ഞുള്ള പ്രചരണങ്ങൾ ഉണ്ടായിരുന്നു. ആ ഭാഗത്ത് തന്നെ. ഇതുവരെ അതിനെതിരെയുള്ള പ്രചരണത്തിന് കണ്ടിട്ടില്ല”.

ശരിയാണ്. ഇന്റർനെറ്റ് കട്ട് ചെയ്താൽ പിന്നെ വായനയൊന്നും നടക്കൂല്ല ല്ലോ… ഫേസ്ബുക്കും ഒന്നും കാണാനും പറ്റൂല്ല. ഇത്തരം അബദ്ധധാരണകളൊക്കെ ഉണ്ടാവുന്നതും, അതൊക്കെ പത്രസമ്മേളനത്തിൽ വിളമ്പുന്നതും വെറും സ്വാഭാവികം മാത്രം.

അതുകൊണ്ട് ആരെങ്കിലും ദയവായി സെൻകുമാറിന് യുദ്ധകാലാടിസ്ഥാനത്തിൽ ഇന്റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിച്ച് കൊടുക്കണം, എന്നിട്ട് അയാളോട് താഴെ നൽകിയിരിക്കുന്ന ലിങ്കുകളൊക്കെ ഒന്ന് സമാധാനമായി വായിച്ച് മനസ്സിലാക്കാനും പറയണം.

മറ്റൊന്നുമല്ല, കേരളത്തിലെ വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി എന്തൊക്കെ ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ടെന്നും, എത്രയെതെ വീഡിയോ ചെയ്തിട്ടുണ്ടെന്നും, കേരളത്തിലെയും ദേശീയതലത്തിലുമായി എത്രയെത്ര മാധ്യമങ്ങളിൽ എഴുതിയെന്നും ചർച്ച നടത്തിയെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ടെന്നുമൊക്കെ ഒരു ചെറിയ ധാരണ ലഭിക്കാൻ ഈ ലിങ്കുകൾ സഹായിക്കും. മക്കൾക്ക് ലൈവ് ആയി വാക്സിൻ നൽകുന്നതും, എന്തിനേറെ, വാക്സിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടപ്പോൾ പൊതുജനമധ്യത്തിൽ സ്വയം വാക്സിനെടുത്ത് കാണിക്കേണ്ടി വന്നതുമൊക്കെ ഇതിലുണ്ട്.

ആദ്യ സെർച്ചിൽ കിട്ടിയ പോസ്റ്റുകൾ അതുപോലെ എടുത്ത് തന്നെന്നേയുള്ളൂ…. ഇനിയും ഈ വിഷയത്തിൽ സെൻകുമാറിന് എന്തെങ്കിലും അറിയണമെങ്കിൽ ഒന്ന് ഗൂഗിൾ സെർച്ച് ചെയ്താലും മതി. അതായത് www.google.com എന്ന വെബ്‌സൈറ്റിൽ ചെന്ന് അവിടെ കാണുന്ന പെട്ടിയിൽ ആവശ്യമുള്ളത് ടൈപ് ചെയ്ത് എന്റർ അടിക്കുക. എന്നിട്ട് കിട്ടുന്ന റിസൽറ്റുകളിൽ അതത് വിഷയത്തിൽ ആധികാരികമായ സോഴ്സുകളിൽ നിന്നുള്ള കാര്യങ്ങൾ മാത്രം വായിച്ചു മനസ്സിലാക്കുക.

നന്ദി.

– Dr. ഷിംന അസീസ്.

കഴിഞ്ഞ ദിവസം "ഒരു മുൻ ഡി.ജി.പി ടെ ഇന്റർനെറ്റ്‌ കണക്ഷൻ ഒന്നു കട്ട്‌ ചെയ്യാവോ… കോവിഡ്‌ 19 വൈറസ്‌ ബാധ തടയുന്ന…

Posted by Shimna Azeez on Wednesday, March 11, 2020