സൗദിയിൽ പുതുതായി 24 പേർക്ക് കൂടി കൊറോണ; വിമാന സർവീസുകൾ പൂർണമായും കുവൈത്ത് നിര്‍ത്തി

single-img
12 March 2020

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 24 പേര്‍ക്ക് കൂടി കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 21 പേരെ മക്കയിലെ ആശുപത്രിയില്‍ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഇതോടെ സൗദിയില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം 45 ആയി ഉയര്‍ന്നു. മക്കയില്‍ രോഗം ബാധിച്ച ഈജിപ്ഷ്യന്‍ പൗരനുമായി സമ്പർക്കം പുലർത്തിയവരാണ് 21 പേരും. ഇവരുടെ ആരോഗ്യനില മന്ത്രാലയം പരിശോധിച്ചു വരികയാണ്.

അതേ സമയം ലോകാരോഗ്യ സംഘടന കോവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിക്കുകയും ഗൾഫ് മേഖലയിൽ രോഗം പടരുകയും ചെയ്ത സാഹചര്യത്തിൽ വിമാന സർവീസുകൾ പൂർണമായും നിർത്തി വെക്കാൻ കുവൈത്തിന്റെ തീരുമാനിച്ചു. ഇന്നലെ വൈകീട്ട് ചേർന്ന കുവൈത്ത് മന്ത്രിസഭായോഗമാണ് രണ്ടാഴ്ചക്കാലം രാജ്യത്ത് പൊതുഅവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. സർക്കാർ ഓഫീസുകൾ ഇനി മാർച്ച് 29ന് മാത്രമാകും കുവൈത്തിൽ പുനരാരംഭിക്കുക. രാജ്യത്തു നിന്നുള്ള എല്ലാ വാണിജ്യ വിമാനസർവീസുകളും നിർത്തിവെച്ചു. ആളുകൾ ഒത്തുകൂടുന്ന കേന്ദ്രങ്ങൾ എന്ന നിലക്ക് ഷോപ്പുകൾ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യം, തിയറ്ററുകൾ എന്നിവ അടച്ചിടും. എല്ലാ നിലക്കും രാജ്യത്തെ നിശ്ചലമാക്കുന്നതാകും നടപടികൾ.

രോഗം പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ് കുവൈത്തിനു പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളും. സൗദിയിൽ തിയേറ്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടും. ഷാർജയിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ആരാധനക്കായുള്ള ഒത്തുചേരലുകൾ നിർത്തി വെക്കാൻ മതകാര്യവകുപ്പ് നിർദേശിച്ചു. ഒമാൻ ഒഴികെ ഗൾഫിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.