കൊറോണ പേടിയിൽ ഐപിഎൽ നീട്ടണമെന്ന് ആവശ്യം; ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ നടത്താൻ ആലോചിച്ച് ബിസിസിഐ

single-img
12 March 2020

മുംബൈ: കോവിഡ്–19 ഭീതിയിൽ വിറച്ച് ഐപിഎല്ലും. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് കൊറോണ വൈറസ് ബാധ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. ലോക രാജ്യങ്ങളിലാകെ വൈറസ് ബാധയിൽനിന്നു രക്ഷ നേടുന്നതിന്റെ ഭാഗമായി കായിക മത്സരങ്ങളെല്ലാം മാറ്റിവയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഐപിഎൽ മത്സരങ്ങളും മാറ്റിവയ്ക്കണമെന്ന് ആവശ്യമുയരുന്നത്.

മാര്‍ച്ച് 29 മുതലാണ് ഐ.പി.എല്‍ ആരംഭിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടിവയ്ക്കുകയോ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്തുകയോ വേണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ് താക്കീത് നൽകിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഐ.പി.എല്‍ നടന്നാല്‍ പോലും ടെലിവിഷനിലൂടെയും ഓണ്‍ലൈനിലൂടെയും മാത്രമേ ആരാധകര്‍ക്ക് കാണാനാകൂ. ചെന്നൈ മുംബൈ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പനയും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.

കർണാടക സർക്കാരും ഐപിഎൽ മാറ്റിവയ്ക്കണമെന്ന നിലപാടിലാണ്. ഐപിഎൽ മത്സരങ്ങൾ മാറ്റിവയ്ക്കാൻ കേന്ദ്ര നിർദേശം നൽകണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയിൽ ഹര്‍ജിയും എത്തിയിട്ടുണ്ട്.എന്നാൽ, ഐപിഎൽ 29നു തുടങ്ങുമെന്നു തന്നെയാണു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉറപ്പിച്ചു പറയുന്നത്. ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ മത്സരങ്ങൾ നടത്താൻ ആലോചിക്കുകയാണ് ബിസിസിഐ.ഇന്ന് തന്നെ ബിസിസിഐ ഇതിൽ അന്തിമ തീരുമാനം കെെകൊള്ളുമെന്നാണ് പ്രതീക്ഷ.