കൊറോണ നിരീക്ഷണത്തിലായിരുന്ന വ്യക്തി മരിച്ചു: മൃതദേഹം മാറ്റാൻ കഴിയാതെ ബാൽക്കണിയിൽ കരഞ്ഞുകൊണ്ട് ഭാര്യ

single-img
11 March 2020

ഇറ്റലിയിൽ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കൊറോണ ബാധിച്ച് മരിച്ച ഭർത്താവിൻ്റെ മൃതദേഹം സംസ്കരിക്കാനാകാതെ ഭാര്യ പ്രതിസന്ധിയിലായ കഥയാണ് അതിലൊന്ന്. രോഗം ബാധിച്ചതിനെത്തുടർന്ന് അപ്പാർട്മെന്റ് വിട്ടു പുറത്തിറങ്ങാനാകാതെ ഇരുവരെയും അധികൃതർ ക്വാറന്റൈൻ ചെയ്തിരിക്കുകയായിരുന്നു.

ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 2നാണ് ഭർത്താവ് മരിച്ചതെങ്കിലും  ക്വാറന്റൈൻ കാലാവധി കഴിയാത്തതിനാൽ ഇതുവരെയും അധികൃതർക്കു വീട്ടിലേക്കു പ്രവേശിക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.  ബാൽക്കണിയിൽനിന്നു കരയുന്ന ഭാര്യയെ ആശ്വസിപ്പിക്കാൻപോലും അയൽക്കാർക്കും ബന്ധുക്കൾക്കും ആരോഗ്യപ്രവർത്തകർക്കും കഴിയുന്നില്ലെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബുധനാഴ്ചയാകാതെ ആരോഗ്യപ്രവർത്തകർക്കു വീട്ടിൽ പ്രവേശിക്കാനാകില്ലെന്ന് ബോർഘെറ്റോ സാന്റോ സ്പിരിറ്റോ മേയർ ഗിയാൻകാർലോ കാനെപ അറിയിച്ചിട്ടുള്ളത്. അപ്പോഴേ ക്വാറന്റൈൻ കാലാവധി കഴിയൂ. പ്രോട്ടോക്കോൾ അനുസരിച്ച് ആർക്കും മൃതദേഹത്തിനടുത്ത് എത്താനാകില്ലെന്നുള്ളതാണ് വിഷമകരം. സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ചേ മതിയാകൂവെന്നും മേയർ വ്യക്തമാക്കി.

ഈ വ്യക്തിയോട് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ആശുപത്രിയിൽ പോകാൻ നിർദേശിച്ചിരുന്നുവെങ്കിലും അയാൾ വിസമ്മതിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇത്തരമൊരു അവസ്ഥ വന്നതെന്നും മേയർ വ്യക്തമാക്കി.