നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെ തടയരുത്;യാത്രാ വിലക്കിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരും; മുഖ്യമന്ത്രി

single-img
11 March 2020

തിരുവനന്തപുരം: വിദേശത്തുനിന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മടങ്ങാന്‍ കഴിയാത്തത് ഗൗരവപ്രശ്‍നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്‍റെ സര്‍ക്കുലര്‍ ആണിതിന് കാരണമെന്നും ഇത് ഉടന്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരൻ രോഗി ആയിപ്പോയെന്ന് വച്ച് ഇങ്ങോട്ട് വരാൻ പാടില്ലെന്നു പറയാമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. കെ വി അബ്ദുള്‍ ഖാദറിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തടയരുതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം ഏർപ്പെടുത്തിയ യാത്രാ വിലക്ക് അപരിഷ്കൃതമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയം ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഈ പ്രശ്നം സംബന്ധിച്ച് നിയമസഭ പ്രമേയം അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രവാസികള്‍ നിരവധി പ്രയാസങ്ങള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ പ്രമേയം കൊണ്ടു വന്നാൽ പ്രതിപക്ഷം പിന്തുണക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.