പക്ഷിപ്പനിയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യസംഘം

single-img
11 March 2020

കോഴിക്കോട്: കെറോണ പകർച്ച വ്യാധിക്ക് പിന്നാലെ കേരളത്തിൽ ഒരിടവേളക്ക് ശേഷം വീണ്ടും സാന്നിധ്യം അറിയിച്ച പക്ഷിപ്പനിയിൽ ആശ്വാസ വാർത്ത. പക്ഷിപ്പനിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് പഠനം നടത്താനെത്തിയ കേന്ദ്ര ആരോഗ്യസംഘം വ്യക്തമാക്കി. കൊടിയത്തൂരിൽ പക്ഷിപ്പനി കണ്ടെത്തിയ മേഖല സന്ദർശിച്ചതിന് ശേഷമായിരുന്നു സംഘത്തിന്റെ പ്രതികരണം. മനുഷ്യരിലേക്ക് പക്ഷിപ്പനി പടരുന്ന സാഹചര്യമുൾപ്പെടെയാണ് സംഘം പരിശോധിക്കുന്നത്.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര സംഘമെത്തിയത്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്ന സാഹചര്യം നിലവിലില്ലെന്ന് സംഘാംഗങ്ങൾ പറഞ്ഞു. കൂടുതൽ സ്ഥലങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിച്ചില്ല എന്നത് ആശാവഹമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡീസീസ് ഡയറക്ടർ ഡോ. ഷൗക്കത്തലി പറഞ്ഞു. കാരശ്ശേരിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തതിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടി തുടരുകയാണ്.വളർത്തു പക്ഷികളെ കൊല്ലുന്നത് ഇന്നും തുടരുകയാണ്. രോഗം ബാധിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വളർത്തു പക്ഷികളെയും ഇന്ന് നശിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ മുതൽ രണ്ടാം ഘട്ടം ആരംഭിക്കും.