എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥിയെ ക്ലാസിനുള്ളിൽ കയറി തെരുവുനായ കടിച്ചു

single-img
11 March 2020

തൃശൂര്‍: എസ്.എസ്.എല്‍.സി പരീക്ഷക്കിടെ വിദ്യാര്‍ഥിക്ക് തെരുവുനായുടെ ആക്രമണം.അപ്രതീക്ഷിതമായി പരീക്ഷാഹാളില്‍ കയറിയ തെരുവുനായ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ഥിയുടെ കൈയില്‍ കടിക്കുകയായിരുന്നു. ചെറുതുരുത്തി ജി.എച്ച്.എസ്.എസിലാണ് സംഭവം. ചെറുതുരുത്തി കൊളമ്പുമുക്ക് സ്വദേശിയായ ഹംസക്കാണ് നായുടെ കടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പ്രാഥമിക ചികിത്സക്ക് ശേഷം സ്കൂളിലെത്തി പരീക്ഷ എഴുതി.

സംഭവത്തെ തുടര്‍ന്ന് അധ്യാപകര്‍ ക്ലാസ് മുറികളുടെ വാതിലുകള്‍ അടച്ചതിനാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് കടിയേറ്റില്ല. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതികള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നതാണ്. ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്.