ഇണചേരാൻ എത്തിച്ച പേർഷ്യൻ പെൺപൂച്ച ചത്തു: ആൺപൂച്ചയുടെ ഉടമ പൊലീസ് സ്റ്റേഷൻ കയറി

single-img
11 March 2020

ഇണചേരാൻ എത്തിച്ച പേർഷ്യൻ പെൺപൂച്ച ചത്തു. എന്നാൽ പണികിട്ടിയത് ആൺപൂച്ചയുടെ ഉടമയ്ക്കായിരുന്നു. വിലകൂടിയ ഇനമായതിനാൽ നഷ്ടപരിഹാരം ചോ​ദിച്ച് പെൺപൂച്ചയുടെ ഉടമ പൊലീസിനെ സമീപിച്ചതോടെയാണ് ആൺപൂച്ചയുടെ ഉടമ സ്റ്റേഷൻ കയറിയത്. 

മലപ്പുറം തിരുന്നാവയയിലാണ് സംഭവം നടന്നത്. പ്രജനനത്തിനായി ഇണ ചേരാനായാണ് വിലകൂടിയ പേർഷ്യൻ പൂച്ചയെ അയങ്കലം സ്വദേശി തിരുന്നാവായയിൽ പൂച്ചകളെ വളർത്തുന്ന ഫാമിൽ എത്തിക്കുകയായിരുന്നു.  നേരത്തെ ഈ പൂച്ചയെ കൊണ്ട് വന്ന് പതിനഞ്ച് ദിവസം താമസിപ്പിച്ചെങ്കിലും ഫലം കാണാത്തതിനാൽ കഴിഞ്ഞ ആഴ്ച വീണ്ടും എത്തിക്കുകയായിരുന്നു. എന്നാൽ ഫാമിൽവെച്ച് പെൺപൂച്ച ചത്തുപോകുകയും ചെയ്തു. 

ഇതോടെ പൊലീസ് കേസായി. നഷ്ടപരിഹാരമായി ഇരുപതിനായിരം രൂപ നൽകണം എന്നാണ് അയങ്കലം സ്വദേശി ഫാം ഉടമയോട് ആവശ്യപ്പെട്ടത്. എന്നാൽ തരില്ലെന്ന് പറഞ്ഞതോടെ കേസ് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പൊലീസ്  ഇരുവരെയും വിളിപ്പിച്ച് നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ ഫാം ഉടമ മറ്റൊരു പൂച്ചയെ ചത്തുപോയ പൂച്ചയുടെ ഉടമക്ക് നൽകി പ്രശ്‌നം പരിഹരിച്ചു.