ചൊറി മുതൽ കാൻസർ വരെ മാറ്റും, കൊറോണ ഒഴികെ: കൊറോണയെ പേടിച്ച് കൃപാസനം അടച്ചുപൂട്ടി

single-img
11 March 2020

ഏതു വിധത്തിലുള്ള അസുഖങ്ങളും മാറുമെന്നും  ജീവിതത്തിൽ മുന്നേറ്റം ഉണ്ടാകുമെന്നും പ്രചരിപ്പിച്ച് രംഗത്തെത്തിയ കൃപാസനം കൊറോണ ഭീഷണിയെത്തുടർന്ന് അടച്ചുപൂട്ടുന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കൃപാസനത്തിൽ എല്ലാ പരിപാടികളും നിർത്തി വച്ചതായി കൃപാസനത്തിൻ്റെ എച്ച് ആർ മാനേജർ അറിയിച്ചു. 

`ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും കെസിബിസിയുടെയും നിർദേശങ്ങൾ മാനിച്ചുകൊണ്ട് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൃപാസനത്തിൽ പൊതുജനങ്ങൾ പങ്കെടുക്കുന്ന ഉടമ്പടി ഉൾപ്പെടെ എല്ലാ ശുശ്രൂഷകളും പൊതുജനാരോഗ്യത്തെ മുൻനിർത്തി തൽക്കാലത്തേക്ക് നിർത്തി വച്ചിരിക്കുന്നതായി പ്രാർത്ഥനാപൂർവ്വം അറിയിക്കുന്നു  ശുശ്രൂഷകൾ പുനഃരാരംഭിക്കുന്നതിന് രണ്ടുദിവസം മുമ്പ് കൃപാസനം മാധ്യമങ്ങൾ വഴി വിവരം പൊതുജനങ്ങളെ അറിയിക്കുന്നതാണ്.´- കൃപാസനം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 

കൊറോണ വൈറസിനെ പേടിച്ച് ആത്മീയ കേന്ദ്രങ്ങളും ആൾദൈവ ആരാധനാ കേന്ദ്രങ്ങളും അടച്ചു പൂട്ടുകയാണ്. വള്ളിക്കാവിൽ മാതാ അമൃതാനന്ദമയി ഭക്തർക്ക് ദർശനം നൽകുന്നത് നിർത്തിവച്ചിരിക്കുകയാണ്. ക്രൈസ്തവ മേഖലയിൽ പള്ളികളിലെ ഞായറാഴ്ച കുർബാനകളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുസ്ലിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉംറ തീർത്ഥാടനവും മാറ്റിവെച്ചുകഴിഞ്ഞു. ശബരിമല ഉൾപ്പെടെയുള്ള ആരാധനാകേന്ദ്രങ്ങളിൽ ഇത്തവണ ചടങ്ങുകൾ മാത്രമാകാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഉത്സവാഘോഷങ്ങളും പള്ളി പെരുന്നാളുകളും കുറയ്ക്കുവാനും സർക്കാർ നിർദേശം വന്നു കഴിഞ്ഞു.