വനിതാ മാധ്യമപ്രവർത്തകയുടെ ഫോട്ടോ എടുത്തു; ടിപി സെന്‍കുമാര്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി

single-img
11 March 2020

സംസ്ഥാനത്തെ മുൻ പോലീസ് മേധാവി ടിപി സെന്‍കുമാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്ന് സെന്‍കുമാറിന്റെ കൂടെയുള്ളവര്‍ ചോദ്യങ്ങള്‍ തടഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനം ഉന്നയിച്ച സെന്‍കുമാറിനോട് കഴിഞ്ഞ ദിവസം കൊറോണ വൈറസുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമര്‍ശത്തെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

താൻ പറഞ്ഞത് തന്റെ അഭിപ്രായമല്ലെന്നും ഡോ. പോള്‍ ഹേലി ഉള്‍പ്പെടെ ലോകത്തിലെ വിദഗ്ധരുടെ അഭിപ്രായമാണെന്നും മറുപടി പറഞ്ഞ സെൻകുമാറിനോട് മാധ്യമ പ്രവർത്തകർ തുടര്‍ ചോദ്യം ആരംഭിച്ചതോടെയാണ് സെൻകുമാറിന്റെ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്. ഈ സമയം സുഭാഷ് വാസു ഉള്‍പ്പെടെ ചില നേതാക്കള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും അടങ്ങിയില്ല. ഇതിനിടയില്‍ ഒരാള്‍ ഒരു മാധ്യമപ്രവര്‍ത്തകയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചു. ഏഷ്യാനെറ്റിലെ പി ആർ പ്രവീണയുടെ ചിത്രമാണ് ഇവർ പകർത്താൻ ശ്രമിച്ചത്.

ഈ നീക്കം തിരിച്ചറിഞ്ഞപ്പോൾ മൊബൈല്‍ പിടിച്ചുവാങ്ങി മാധ്യമ പ്രവര്‍ത്തക താക്കിതു ചെയ്തു. ഹാളിൽ തര്‍ക്കം നടക്കുമ്പോള്‍ തനിക്കൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരെ വിലക്കാതെ സെന്‍കുമാര്‍ നിശബ്ദനായിരുന്നതിനെ തുടർന്ന് മാധ്യമപ്രവര്‍ത്തകര്‍ പത്രസമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. എസ്എന്‍ഡിപി യോഗം മുന്‍ മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനോടൊപ്പമാണ് വെള്ളാപ്പള്ളിക്കെതിരെ സെന്‍കുമാര്‍ പത്രസമ്മേളനം നടത്താൻ എത്തിയത്.

കൊറോണ വൈറസ് കേരളത്തിലെ താപനിലയില്‍ അതിജീവിക്കില്ലെന്നായിരുന്നു സെന്‍കുമാര്‍ നേരത്തെ പറഞ്ഞിരുന്നത്. ഇത് തെറ്റാണ് എന്ന് വിദഗ്ദർ ഉൾപ്പെടെ പറയുകയും സംസ്ഥാന ആരോഗ്യമന്ത്രിതന്നെ പ്രസ്താവനക്കെതിരെ രംഗത് വരികയും ചെയ്തിരുന്നു. ഇതിന് മുൻപ് സെന്‍കുമാര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനവും അലങ്കോലപ്പെട്ടിരുന്നു. അന്ന് സെൻകുമാറിനോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിക്കുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തത് വന്‍വിവാദമായിരുന്നു.