ചെെനയേക്കാൾ കൂടുതൽ കൊറോണ മരണനിരക്ക് ഇറ്റലിയിൽ: കാരണമെന്ത്?

single-img
11 March 2020

ലോകം മുഴുവൻ വ്യപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വെെറസ് ചെെനയിൽ വരുത്തിവച്ചതിനേക്കാൾ മരണനിരക്ക് ഇറ്റലിയിൽ വരുത്തിവയ്ക്കുന്നതിനുള്ള കാരണമെന്ത്? കഴിഞ്ഞ ഒരാഴ്ചയായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ നിരക്ക് ചൈനയേക്കാൾ കൂടുതൽ ഇറ്റലിയിലാണ്. മൂന്നാഴ്ചയ്ക്ക് മുമ്പ് വെറും മൂന്നു കേസുകളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തതെങ്കിൽ അതിനുശേഷം സ്ഥിതിഗതികൾ കൈവിട്ടുപോകുകയായിരുന്നു. രോഗം ആദ്യമായി കണ്ടു തുടങ്ങിയ ചൈനയിലേക്കാൾ കഴിഞ്ഞ മൂന്നാഴ്ചയായി കൂടുതൽ പേരിൽ കൊറോണ ബാധിക്കുന്നതും മരണനിരക്ക് കൂടുതലായി കണ്ടുവരുന്നതും ഇറ്റലിയിലാണെന്നുള്ളതാണ് യാഥാർത്ഥ്യം. 

ഗുരുതരാവസ്ഥയിലായ രോഗികളെ ചികിത്സിക്കുന്നതിനുള്ള അസൗകര്യമാണ് ഇറ്റലിയിലെ മരണസംഖ്യ ഉയർത്തുവാനുള്ള പ്രധാനകാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണ് ഇറ്റലിയിൽ രോഗം പിടിപെട്ടവരുടെയും മരിച്ചവരുടെയും എണ്ണമെന്നും സൂചനകളുയരുന്നുണ്ട്. 

മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് അവിടെ പ്രായമുള്ളവരുടെ എണ്ണം കൂടുതലായതിനാൽ മരണനിരക്കിനും വ്യത്യാസമുണ്ടാകുന്നുണ്ട്.  പ്രായമായവരിൽ വൈറസ് ബാധ കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കുന്നു. ഇറ്റലിയിൽ രോഗം പിടിപെട്ടവരിൽ കൂടുതലും 50-60 വയസ് പിന്നിട്ടവരാണെന്നും റിപ്പോർട്ടുണ്ട്.

ജപ്പാൻ കഴിഞ്ഞാൽ ലോകത്ത് പ്രായമേറിയവർ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇറ്റലി. ഇതുവരെ ഇവിടെ കോവിഡ് 19 ബാധിച്ച് മരിച്ചവരിൽ 58% പേരും 80 വയസിനു മുകളിലുള്ളവരാണ്, കൂടാതെ 31% പേർ 70 വയസിനു മുകളിലുള്ളവരാണെന്നും ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വെളിപ്പെടുത്തുന്നത്. 

“പ്രായമേറിയവർ കൂടുതലുള്ളതിനാലാണ് മരണനിരക്ക് ഇറ്റലിയിൽ കൂടുന്നത്. മരിച്ചവരുടെ പ്രായം കണക്കിലെടുത്താൽ ഞങ്ങളുടെ മരണനിരക്ക് ചൈനയിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ സമാനമോ കുറവോ ആണ്,” ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ചീഫ് എപ്പിഡെമിയോളജിസ്റ്റുകളായ ജിയോവന്നി റെസ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വരെ ഇറ്റലിയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 9,172 ആണ്. അതിൽ 463 അഥവാ 5% പേർ മരിച്ചു. ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശമായ ലോംബാർഡിയിൽ മരണ നിരക്ക് ആറു ശതമാനമാണ്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നത് ആഗോളതലത്തിൽ 113000 പേർക്ക് അണുബാധ സ്ഥിരീകരിച്ചു. ഇതിൽ 3.5 പേർ പേർ മരിച്ചു എന്നാണ്.