ആഗോള ഇന്ധനവില കുറഞ്ഞത്​ മോദി മറന്നു;പെട്രോൾ വില 60 രൂപയിലേക്ക്​ കുറക്കണം: രാഹുൽ ​ഗാന്ധി

single-img
11 March 2020

ഡൽഹി: ​തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്​ സർക്കാറിനെ അസ്ഥിരപ്പെടുത്തുന്ന തിരക്കിൽ ​മോദി സർക്കാർ, ആഗോളവിപണിയിൽ ഇന്ധന വിലയിൽ 35 ശതമാനം ഇടിവുണ്ടായ കാര്യം വിട്ടുപോയെന്ന്​ രാഹുൽ ​ഗാന്ധി. ട്വിറ്ററിലാണ് രാഹുൽ ​ഗാന്ധിയുടെ പ്രതികരണം. മധ്യപ്രദേശിലെ കോൺഗ്രസ്​ സർക്കാറിനെ അസ്ഥിരപ്പെടുത്തിയത്​ ബി.ജെ.പിയാണെന്നും രാഹുൽ ഗാന്ധി ആരോപിക്കുന്നുണ്ട്.

ഇന്ധന വിപണിയിലെ ലാഭം ഇന്ത്യക്കാർക്കും ലഭിക്കുന്നതിന്​ പെട്രോൾ വില 60 രൂപയിലേക്ക്​ കുറക്കണം. രാജ്യ​ത്തെ തകർന്ന സമ്പദ്​വ്യവസ്ഥയെ അത്​ പോഷിപ്പിക്കുമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. കോവിഡ്​19 ബാധയെ തുടർന്നാണ്​ ആഗോളവിപണിയിൽ ഇന്ധനവില കുത്തനെ കുറഞ്ഞത്​. എന്നാൽ ഇന്ത്യയിൽ പെട്രോൾ- ഡീസൽ വില കുറച്ചിട്ടില്ല.

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കൂപ്പുകുത്തിയിരിക്കുകയാണ്. വിപണിയില്‍ ആവശ്യം കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ബ്രന്‍റ് ക്രൂഡ് വില 31.5ശതമാനം(14.25 ഡോളര്‍)ഇടിഞ്ഞ് ബാരലിന് 31.02 ഡോളർ നിലവാരത്തിലെത്തി.1991 ജനുവരി 17നുശേഷം ഒറ്റയടിക്ക് ഇത്രയും ഇടിവുണ്ടാകുന്നത് ഇപ്പോഴാണ്. ഒന്നാം ഗള്‍ഫ് യുദ്ധത്തിന്റെ ഭാഗമായാണ് അന്ന് വിലയിടിഞ്ഞത്.കൊറോണമൂലമുള്ള ഡിമാന്‍ഡ് കുറവ് പരിഗണിച്ച് ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് നിര്‍ദേശം നൽകിയിരുന്നെങ്കിലും റഷ്യ ഇതിനോട് മുഖം തിരിക്കുകയായിരുന്നു.എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ഇടിവ് ഇന്ത്യയിലെ ജനങ്ങൾക്ക് നേട്ടമാകുമെന്ന് തോന്നുന്നില്ല. ഈ വിഷയം ചർച്ച ചെയ്താണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

മധ്യപ്രദേശിലെ കോൺഗ്രസ്​ സർക്കാറിനെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ്​ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിൽ നിന്ന്​ രാജിവെച്ച സംഭവത്തിൽ രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കമൽനാഥ്​ സർക്കാർ അട്ടിമറിക്കപ്പെട്ടു എന്നുതന്നെയാണ്​ രാഹുൽ ട്വീറ്റിലൂടെ വ്യക്തമാക്കുന്നത്​.