ചന്ദ്രനില്‍ പോയവരും പേടിച്ച് വീട്ടിലിരിക്കും; ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നവര്‍ കൊറോണയെ പേടിക്കേണ്ട: ബിജെപി ബംഗാള്‍ അധ്യക്ഷന്‍

single-img
11 March 2020

കൊല്‍ക്കത്ത: ലോകരാഷ്ട്രങ്ങളോടൊപ്പം ഇന്ത്യയും കൊറോണ എന്ന മഹാമാരിക്കു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. മുൻകരുതലുകളും മുന്നറിയിപ്പുകളുമായി രാജ്യം ജനങ്ങളുടെ ആരോ​ഗ്യ സുരക്ഷക്കു വേണ്ടി രാപ്പകൽ പണിയെടുക്കുമ്പോളും ബിജെപി നേതാക്കന്മാർ തങ്ങളുടെ സ്ഥിരം വിവരമില്ലായ്മകൾ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ കൊറോണവൈറസ് ബാധയെ പേടിക്കേണ്ടിവരില്ലെന്നാണ് അതിൽ ഏറ്റവും പുതിയത്. ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷാണ് പ്രസ്താവന നടത്തിയിരിക്കുന്നത്.

‘വ്രതമെടുത്ത് ആയിരക്കണക്കിന് മൈലുകള്‍ താണ്ടിയാണ് സഹോദരീ സഹോദരന്മാര്‍ പൂജക്കെത്തുന്നത്. ഇത് നമ്മുടെ സംസ്കാരവും അസ്തിത്വവുമാണ്. ഇങ്ങനെയാണ് നാം പുരോഗതിയിലേക്ക് മുന്നേറുന്നത്. രാജ്യത്ത് ആയിരങ്ങള്‍ ക്ഷേത്രങ്ങളില്‍ പോയി കൈകൊണ്ട് വെള്ളം കുടിക്കുകയും പ്രസാദം കഴിക്കുകയും ചെയ്യുന്നു. എന്നിട്ടും ഒന്നും സംഭവിക്കുന്നില്ല. കാരണം നമുക്ക് ദൈവാനുഗ്രഹമുണ്ട്’- മെദിനാപുരിലെ ക്ഷേത്രത്തില്‍ ഏഗ്ര പൂജയില്‍ പങ്കെടുക്കാനെത്തിയവരോട് ദിലീപ് ഘോഷ് പറഞ്ഞു.

ലോകമാകെ കൊറോണപ്പേടിയില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. ലോകം കീഴടക്കിയവരും ചന്ദ്രനില്‍ പോയവരും പേടിച്ച് വീട്ടിലിരിക്കുകയാണ്. പക്ഷേ ഇവിടെ എന്താണ് സംഭവിക്കുന്നത്. ആയിരങ്ങള്‍ പൂജക്കെത്തുന്നു. വെള്ളം കുടിക്കുകയും പ്രസാദം കഴിക്കുകയും ചെയ്യുന്നു. നമുക്ക് ദൈവാനുഗ്രഹമുണ്ട്. കുറച്ച് പേര്‍ക്ക് മാത്രമാണ് കൊറോണ പിടിപ്പെട്ടത്. രാജ്യത്ത് മലേറിയയും ഡെങ്കിയും പിടിപെട്ട് നിരവധി പേര്‍ മരിക്കുന്നു. എന്നിട്ടും നമ്മള്‍ പേടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിലീപ് ഘോഷിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് ടിഎംസി നേതാക്കള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം കൊറോണക്കെതിരെ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ നടപടി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് ബംഗാള്‍ ബിജെപി അധ്യക്ഷന്‍റെ പ്രസ്താവന.