ഡല്‍ഹി കലാപം; തിരിച്ചറിഞ്ഞ 1100 അക്രമികളില്‍ 300 പേരും എത്തിയത് യുപിയില്‍ നിന്നും

single-img
11 March 2020

ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിൽ പങ്കെടുത്ത 1100 പേരെ തിരിച്ചറിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖം തിരിച്ചറിയുന്ന ഫേസ് റെക്കഗ്നീഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്താലാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്ന് അമിത് ഷാ അറിയിച്ചു. ഇത്തരത്തിൽ തിരിച്ചറിയപ്പെട്ട 1100 അക്രമികളില്‍ 300 പേരും യുപിയിൽ നിന്നുംനിന്നെത്തിയവരാണ്. ഇവർക്കെതിരെ അന്വേഷണസംഘം ശക്തമായ തെളിവ് സമ്പാദിച്ചതിന് ശേഷം അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ കലാപത്തിനായി പുറത്തുനിന്ന് ആളുകളെ എത്തിച്ചതായി ഡൽഹിയിലെ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്ലാം ഖാനും പറഞ്ഞിരുന്നു. കലാപങ്ങൾ ഉണ്ടാകുന്നതിന് ഒരു ദിവസം മുന്‍പ് 1500 മുതല്‍ 2000 വരെയുള്ള ആളുകളെ പുറത്തുനിന്ന് എത്തിക്കുകയായിരുന്നെന്നുമായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞത്.

അതേസമയം ഡൽഹിയിൽ നടന്ന കലാപങ്ങളിൽ പോലീസ് നടത്തിയ ‘ഇടപെടലിനെ’ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. വെറും 36 മണിക്കൂര്‍ കൊണ്ട് 20 ലക്ഷം ജനസംഖ്യയുള്ള പ്രശ്‌നബാധിത പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാനത്തെ പൊലീസിന് സാധിച്ചെന്ന് അമിത് ഷാ അവകാശപ്പെട്ടു.