കൊറോണ: ഗൾഫ് മേഖലയിൽ രോഗം പടരാൻ ഇറാന്റെ നിരുത്തരവാദിത്വം കാരണമായി: സൗദി മന്ത്രിസഭ

single-img
11 March 2020

ഗൾഫ് മേഖലയിൽ കൊറോണ പടരാൻ ഇറാന്റെ നിരുത്തരവാദിത്വം കാരണമായി എന്ന് സൗദി മന്ത്രിസഭ. സൗദിയിൽ നിന്നുള്ള പൗരന്മാരെ പാസ്പോർട്ടിൽ എമിഗ്രേഷൻ മുദ്ര പതിപ്പിക്കാതെ ഇറാനിൽ പ്രവേശനാനുമതി നൽകിയതാണ് രോഗം പടരാൻ കാരണമെന്ന് ചൊവ്വാഴ്ച റിയാദിലെ അൽയമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടു.

ലോകവ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തിൽ വിഷയം അവലോകനം ചെയ്യുമ്പോഴായിരുന്നു ഇറാനെതിരെ ശക്തമായ വിമർശന സ്വരം ഏകകണ്ഠമായി ഉയർന്നത്. ലോകമാകെയും പ്രത്യേകിച്ച് ഇറാനിലും രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര മര്യാദകൾ പാലിക്കാതെ ഇറാൻ നിരുത്തരവാദ നയം സ്വീകരിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി. ഗൾഫ് മേഖലയിൽ രോഗം പടർന്നതിന്റെ പൂർണമായ ഉത്തരവാദിത്വം ഇറാനാണെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഖത്വീഫിൽ സ്വീകരിച്ച മുൻകരുതൽ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വദേശികളും വിദേശികളും ഇതിനോട് സഹകരിക്കണമെന്നും യോഗം അഭ്യർഥിച്ചു. ഇതോടൊപ്പം തന്നെ ലോകാരോഗ്യ സംഘടനയുടെ അഭ്യർഥന മാനിച്ച് ഒരു കോടി ഡോളർ സംഭാവന നൽകിയ സൗദിയുടെ നിലപാടിനെ മന്ത്രിസഭ പ്രശംസിച്ചു.