കൊറോണയുമായി ഇറ്റലിയിൽ നിന്നുമെത്തിയ റാന്നിയിലെ വ്യക്തി ബാറിലും എത്തി

single-img
11 March 2020

സംസ്ഥാനത്ത് കൊറോണ വെെറസ് ബാധയുമായി ഇറ്റലിയിൽ നിന്നെത്തി ജനങ്ങൾക്കു പടർത്തിയ റാന്നിയിലെ കുടുംബാംഗം റാന്നിയിലെ ബാർ ഹോട്ടലിലും സന്ദർശനം നടത്തിയതായി റിപ്പോർട്ടുകൾ. രോഗവാഹകരുടെ യാത്ര സംബന്ധിച്ച് ജില്ല ഭരണകൂടം പുറത്തുവിട്ട റൂട്ട്മാപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കോവിഡ് 19 രോഗം പടർന്നു പിടിക്കാതിരിക്കാനുള്ള മുന്നറിയിപ്പിന്റെ ഭാഗമായി റാന്നിയിലെ ബിവറേജസ് ഔട്ട്ലെറ്റ് അടച്ചു പൂട്ടാൻ ഉത്തരവിട്ടു. 

Support Evartha to Save Independent journalism

മാർച്ച് അഞ്ചിനാണ് റാന്നിയിലെ കുടുംബാംഗം റാന്നി ഗേറ്റ് ഹോട്ടലിലെ ബാറിലെത്തിയത്. വൈകിട്ട് മൂന്നിനായിരുന്നു സന്ദർശനം. തൊട്ടടുത്ത ദിവസം ജില്ലാ ഭരണകൂടം ഇടപെട്ട് കുടുംബത്തെ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്യുകയായിരുന്നു. റാന്നിയിലെ KSBCFL 1-3008 എന്ന നമ്പരിലുള്ള ബിവറേജസ് ഔട്ട്ലെറ്റാണ് കഴിഞ്ഞ ദിവസം രാത്രിയോടെ അടിച്ചുപൂട്ടിയത്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം എക്‌സൈസ് വകുപ്പാണ് നടപടി എടുത്തതെന്നാണ് റിപ്പോർട്ടുകൾ. 

ഫെബ്രുവരി 29 നാണ് റാന്നിയിലെ മൂന്നംഗ കുടുംബം കൊച്ചിയിൽ വിമാനമിറങ്ങിയത്. ഇതിനു ശേഷം രോഗബാധ മറച്ചുവച്ച്, ഇവർ മാർച്ച് അഞ്ച് വരെ സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇവരുമായി ഇടപഴകിയ രണ്ട് ബന്ധുക്കളുടെ റൂട്ട് മാപ്പും ജില്ലാ ഭരണകൂടം തയാറാക്കിയിട്ടുണ്ട്. ഇവരെയും ഇവരുമായി സമ്പർക്കം പുലർത്തിയ കോട്ടയത്തെ കുടുംബത്തെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.