കൊറോണ നിരീക്ഷണത്തിലിരുന്ന പഞ്ചായത്ത് പ്രസിഡൻ്റ് കലക്ടറേറ്റിൽ യോഗത്തിനെത്തി: പരസ്യ ശാസന

single-img
11 March 2020

കൊറോണ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം ലഭിച്ചവരില്‍ ചിലര്‍ പുറത്തിറങ്ങി നടക്കുന്നത് അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നു. ഇത്തരക്കാരെ പൊലീസിനെ ഉപയോഗിച്ചു നേരിടേണ്ടിവരുമെന്നു പത്തനം തിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു. ശക്തമായ ജാഗ്രതാ നിര്‍ദേശമാണു ജില്ലയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

വീട്ടിൽ നിരീക്ഷണത്തിൽ കഴി‍ഞ്ഞിരുന്ന പഞ്ചായത്ത് പ്രസിഡന്റ് കലക്ടറേറ്റിൽ യോഗത്തിനെത്തിയതാണ് കലക്ടറെ ചൊടിപ്പിച്ചത്. . പ്രസിഡൻ്റിനെ കലക്ടർ ശാസിച്ചു തിരിച്ചയക്കുകയായിരുന്നു. ഏകാന്ത വാസത്തിൽ കഴിയുന്നവരിൽ നിസഹകരിക്കുന്നവർക്കെതിരെ പൊലീസ് നടപടിയുണ്ടാകുമെന്നും കലക്ടർ പറഞ്ഞു. 

യോഗത്തിൽ അടഞ്ഞു കിടക്കുന്ന റാന്നി മേനാംതോട്ടം ആശുപത്രിയിലും പന്തളം അർച്ചന ആശുപത്രിയിലും കോവിഡ് ഐസൊലേഷൻ വാർഡുകൾ തുറക്കാനുള്ള തീരുമാനമുണ്ടായി. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്ന എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും വിലയിരുത്തലുണ്ടായി. വിദേശത്ത് നിന്നെത്തിയെ 17 പേർ കടമ്പനാട്ട് വീട്ടിലെ നിരീക്ഷണത്തിലുള്ള കാര്യവും കലക്ടർ യോഗത്തിൽ വ്യക്തമാക്കി. 

അതേസമയം തിരുവല്ലയിൽ ബിലീവേഴ്സ് മെഡിക്കൽ കോളജിൽ നിന്ന് അയച്ച സാംപിളിൻ്റെ ഫലം നെഗറ്റീവായതായി റിപ്പോർട്ടുകളുണ്ട്. ഇന്ന് 12 സാംപിളുകളുടെ ഫലം പ്രതീക്ഷിക്കുകയാണെന്നും കലക്ടർ അറിയിച്ചു. നിലവിൽ കടകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്നും കലക്ടർ പറഞ്ഞു.