കൊറോണ കാലത്ത് മുടി വെട്ടാനായി ചൈനയിലെ ബാര്‍ബര്‍മാര്‍ പിന്തുടരുന്ന രീതി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

single-img
11 March 2020

കൊറോണ വൈറസ് ഉത്ഭവിക്കുകയും ഇതുവരെ ഏറ്റവും കൂടുതല്‍ ജീവന്‍ അപഹരിക്കുകയും ചെയ്ത ചൈനയില്‍ ആളുകള്‍ വലിയ ജാഗ്രതയിലാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുടി വെട്ടുന്നതിനായി ചൈനയിലെ ബാര്‍ബര്‍മാര്‍ പിന്തുടരുന്ന രീതി. സ്വന്തം സുരക്ഷാ ഉറപ്പാക്കാൻ മുടിവെട്ടാനുള്ള ഉപകരണങ്ങള്‍ നീളമുള്ള വടിയില്‍ ഘടിപ്പിച്ചാണ് ഇവര്‍ മുടി വെട്ടുന്നത്. ഇതാവട്ടെ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ്. ചൈനയിൽ നിന്നുള്ള ഹീബിങ് എന്ന സ്റ്റൈലിസ്റ്റ് ആണ് തന്റെ സഹപ്രവര്‍ത്തകര്‍ ഇത്തരത്തില്‍ മുടി വെട്ടുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

കൊറോണ ബാധിതമായ ചൈനയിലെ സിചുവാന്‍ പ്രവശ്യയിലെ ലുഷോയില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ സലൂണിലെ ഈ ആശയം ആദ്യം നടപ്പിൽ വന്നത്. മൂന്നടിയോളം നീളമുള്ള വടിയിലാണ് മുടി വെട്ടാനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത്. സലൂണിൽ ഒരു ബാര്‍ബര്‍ നീളമുള്ള വടി ഉപയോഗിച്ച് ഒരാളുടെ തലയില്‍ ഷാംപൂ ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.

മുടി മുറിക്കുന്നതിനായി എത്തിയ എല്ലാവരും തന്നെ മാസ്‌കും ധരിച്ചിട്ടുണ്ട്. തങ്ങളുടെ സമീപം എത്തുന്ന ഉപഭോക്താക്കള്‍ക്ക് ഭയം കൂടാതെ മുടി വെട്ടാനുള്ള അവസരം ഒരുക്കാനാണ് ഈ രീതിയിൽ ഒരു നടപടി സ്വീകരിച്ചതെന്ന് സലൂണിന്റെ ഉടമ പറയുന്നു.