വിമാനയാത്രക്കാരെ ഭയപ്പെടുത്താൻ വിമാനത്തിനുള്ളിലിരുന്ന് ചുമച്ചു: ചെെനീസ് യാത്രക്കാരിയെ സഹയാത്രികർ മർദ്ദിച്ച് അവശയാക്കി

single-img
11 March 2020

ലോകവ്യാപകമായി കൊറോണ വെെറസ് പകരുന്ന സാഹചര്യത്തിൽ കർശന പ്രതിരോധ സംവിധാനങ്ങളാണ് ഭരണകൂടങ്ങൾ ഒരുക്കുന്നത്. എല്ലാ രാജ്യങ്ങളിലും യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ വലിയ പരിശോധനകളാണ് നടക്കുന്നത്. ഒന്നിന് പുറകെ ഒന്നായി യാത്രക്കാരെ പരിശോധിക്കേണ്ടി വരുന്നതിനാല്‍ ദീര്‍ഘ സമയമാണ് യാത്രക്കാര്‍ കാത്തു നില്‍ക്കേണ്ടി വരുന്നതും. ആരോഗ്യകാര്യമായതിനാൽ യാതൊരു മുഷിപ്പും പ്രകടിപ്പിക്കാതെ യാത്രക്കാർ സഹകരിക്കുന്നുമുണ്ട്. 

അതേസമയം ഇത്തരത്തിലുള്ള കാത്തുനിൽക്കലിൽ അനിഷ്ടം പ്രകടിപ്പിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു സ്ത്രീയുടെ പ്രതികരണമാണ് ഒടുവിൽ അവർക്കു തന്നെ വിനയായത്. തായ് എയർവേയ്സിൽ പോകുന്നതിനായി പരിശോധനകൾക്കായി ദീര്‍ഘ സമയം വരിയില്‍ കാത്ത് നില്‍ക്കേണ്ടി വന്നതിൻ്റെ ദേഷ്യം തീര്‍ക്കാനും വിമാന ജീവനക്കാരേയും യാത്രക്കാരേയും ഭയപ്പെടുത്താൻ അവർ പുതിയ ഉപായം കണ്ടെത്തുകയായിരുന്നു. വിമാനത്തിലെ സീറ്റില്‍ എത്തിയ ശേഷം അവര്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും ഇടയില്‍ നിന്നും ചുമയ്ക്കുകയായിരുന്നു.

എന്നാൽ പ്രതീക്ഷിച്ചതിൽ നിന്നും വിപരീതമാണ് സംഭവിച്ചത്. അവര്‍ ഒരു ചൈനക്കാരി കൂടിയാണെന്ന് മനസിലായതോടെ വിമാനജീവനക്കാര്‍ യാത്രക്കാരുടെ സഹായത്തോടെ ചുമച്ച സ്ത്രീയെ കീഴ്പ്പെടുത്തുകയായിരുന്നു. കഴുത്തില്‍ പൂട്ടിട്ട് ശാരീരികമായാണ് യാത്രക്കാരിയെ വിമാനജീവനക്കാർ  കീഴ്‌പ്പെടുത്തിയത്. പിടിവലിക്കിടയിൽ ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് അവര്‍ ചോദിക്കുന്നുണ്ടായിരുന്നു.

സംഭവം നടന്നത് ഷാന്‍ഹായ് വിമാനത്താവളത്തിൽ വച്ചാണ്. ഉടൻതന്നെ വിമനത്താവളത്തില്‍ മെഡിക്കല്‍ സംഘമെത്തി വീണ്ടും പരിശോധനകള്‍ നടത്തി. തുടര്‍ന്നാണ് വിമാനം യാത്ര പുറപ്പെട്ടത്. പരിശോധനകള്‍ കഴിഞ്ഞ് ഏഴ് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടതും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പരന്നതോടെയാണ് ലോകം ഇക്കാര്യമറിഞ്ഞത്. വിമാനത്തിനു പുറത്ത് മെഡിക്കല്‍ സംഘം എത്തിയതിന് ശേഷം മാത്രമാണ് വാതിലുകള്‍ തുറന്നതെന്ന് വിമാനഅധികൃതരായ തായ് എയര്‍വേയ്‌സ് പറഞ്ഞു.