കൊറോണ വെെറസ് സർക്കാർ സൃഷ്ടി: വ്യാജഡോക്ടർ ജേക്കബ് വടക്കാഞ്ചേരിക്കും മറ്റു രണ്ടുപേർക്കുമെതിരെ കേസെടുത്തു

single-img
10 March 2020

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വ്യാജവാർത്തകളുമായി വ്യാജ വെെദ്ധ്യൻമാർ. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 

എറണാകുളം പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണർ കെ.ലാല്‍ജിയുടെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനാണ് ഒരു കേസ്. കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് അസുഖങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നും സര്‍ക്കാര്‍ മനഃപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കാഞ്ചേരിയെ പ്രതിയാക്കിയാണ് രണ്ടാമത്തെ കേസ്.

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കൊറോണ ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരെയാണ് കുന്നംകുളം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.