പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു; കേസ് രജിസ്റ്റർ ചെയ്യും

single-img
10 March 2020

പത്തനംതിട്ട ∙ കൊറോണ വൈറസ് (കോവിഡ് 19) ബാധ സംശയിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരിക്കെ ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. വെച്ചൂച്ചിറ സ്വദേശിയെയാണ് തിങ്കളാഴ്ച രാത്രി മുതൽ കാണാതായത്.നിരീക്ഷണത്തിൽ നിന്ന് ചാടി പോയ ഇയ്യാൾക്കെതിരെ കേസെടുക്കുമെന്ന് പത്തനംതിട്ട കളക്ടര്‍ പി ബി നൂഹ് അറിയിച്ചു.കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇറ്റലിയില്‍നിന്നെത്തിയവരുമായി അടുത്ത് ഇടപഴകിയിരുന്ന യുവാവ് റാന്നി സ്വദേശിയാണ്. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിട്ടില്ല. രക്തസാന്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് വാര്‍ഡില്‍ കാണാതായതെന്ന് അധികൃതര്‍ പറയുന്നു.തന്ത്രപരമായി വാര്‍ഡിന് പുറത്തിറങ്ങിയെന്നും തിരികെ വരാതായതോടെ ബന്ധപ്പെട്ടവര്‍ വിവരമറിയിച്ചെന്നുമാണ് ജില്ലാ ഭരണകൂടം പറയുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ ആശുപത്രിക്കും ഐസൊലേഷന്‍ വാര്‍ഡിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പത്തനംതിട്ടയിൽ‌ രണ്ടു വയസ്സുള്ള കുട്ടിയെ നിരീക്ഷണത്തിലാക്കി. റാന്നിയിലെ രോഗബാധിതനുമായി സമ്പർക്കം പുലർത്തിയ വീട്ടിലെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പൊതുപരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.