ചികിത്സയില്ലാത്ത കോവിഡ് 19; നിലവിലെ ചികിത്സ രോഗത്തിനതിരെയല്ല, രോഗലക്ഷണത്തിനെതിരെ

single-img
10 March 2020

രാജ്യത്തും കൊറോണ വെെറസ് ഭീതി പടർന്നുപിടിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി 31ന് വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്കാണ് ഇന്ത്യയിൽ ആദ്യം കൊറോണ സ്ഥിരീകരിച്ചത്. അതോടൊപ്പം മറ്റ് രണ്ട് പേർക്ക് കൂടി കേരളത്തിൽ കൊറോണ വൈറസ് ബാധിക്കുകയും അസുഖം ഭേദമായി അവർ ആശുപത്രിവിടുകയും ചെയ്തിരുന്നു. ഈ സമയം ചെെനയിലെ വുഹാൻ പ്രദേശത്തെ കൊറോണയെന്ന മഹാവ്യാധി വിഴുങ്ങിയിരുന്നു. മാസങ്ങൾക്കു ശേഷം ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിലായി 41 പേർക്ക് വൈറസ് ബാധ സ്ഥിരീകരച്ചിരിക്കുകയാണ്. 

ഇറ്റലി, ചെെന തുടങ്ങിയ രാജ്യങ്ങളെ ആപേക്ഷിച്ച് ഇന്ത്യയിൽ വൈറസ് വ്യാപിക്കുന്നതിന്റെ തോത് വളരെ കുറവാണ്. എങ്കിലും ഈ വൈറസ് നിസാരനല്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ലോകാരോഗ്യ സംഘടനയാണ് വൈറസിനും വൈറസ് കാരണമുണ്ടാകുന്ന രോഗത്തിനും പേര് നൽകിയത്. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (സാർസ് കോവ് 2)​ എന്നാണ് വൈറസിന്റെ നാമം. ഈ വൈറസ് ബാധകാരണം ഉണ്ടാകുന്ന രോഗത്തിന് കൊറോണ വൈറസ് രോഗം( കോവിഡ്-19)​ എന്നും അറിയപ്പെടുന്നു.

ലോകരാജ്യങ്ങളില മുഴുവനായി റിപ്പോർട്ട് ചെയ്ത 80 ശതമാനം കേസുകൾക്കും വൈറസിൻ്റെ ആക്രമണശേഷി കുറവാണെന്നാണ് വിലയിരുത്തൽ. 15 ശതമാനം കേസുകളിൽ മാത്രമാണ് ഗൗരവമായ രീതിയിൽ വെെറസ് ബാധിച്ചിരിക്കുന്നത്. ഇത്തരം രോഗം ബാധിച്ചവർക്ക് ശ്വസിക്കാൻ കൃത്രിമ ശ്വാസം വേണ്ടി വരുമെന്നുള്ളതാണ് വസ്തുത. അഞ്ചു ശതമാനം  കേസുകളിൽ അപകടകരമായാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇത്തരക്കാർക്ക് വെന്റിലേഷന്റെ സഹായം ആവശ്യമായിവരും. 

കൊറോണ വൈറസിനെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന മരുന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും രോഗം നിയന്ത്രണവിധേയമായാണെന്നതാണ് മറ്റൊരു കാര്യം. നിലവിൽ ചികിത്സ നൽകുന്നത് വൈറസ് ബാധകാരണം ഉണ്ടാകുന്ന രോഗ ലക്ഷണങ്ങൾക്കാണ്. റിപ്പോർട്ട് ചെയ്തതിൽ മൂന്നുമുതൽ നാല് ശതമാനം മാത്രമാണ് മരണം സംഭവിച്ചതെന്നുള്ളതും ഒരു പ്രതീക്ഷയാണ്.  പകരുന്ന വൈറസ് ആയതിനാൽ വ്യാപനം വളരെ വേഗത്തിലാണ് സംഭവിക്കുന്നതെന്നുള്ളത് മറ്റൊരു യാഥാർത്ഥ്യം. വൈറസിൻ്റെ ഉത്ഭവസ്ഥലമായ ചൈനയിലാണ് കൂടുതൽ മരണം സംഭവിച്ചത്.

ശ്വസനവ്യവസ്ഥയെ ബാധിക്കുന്നതുകൊണ്ട്  കൊറോണ വൈറസും ഇൻഫ്ലുവൻസ വൈറസും ഒന്നാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്നവരുണ്ട്. എന്നാൽ ഇവ ഒന്നല്ല. ഇവയെ തമ്മിൽ വേർതിരിച്ച് നിർത്തുന്ന പ്രധാന ഘടകം വ്യാപിക്കാനെടുക്കുന്ന സമയമാണ്. ഇൻഫ്ലുവൻസ വെെറസ് ശരീരത്തിൽ പ്രവേശിച്ച ശേഷം രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സമയം വളരെ കുറവാണ്,​ അഞ്ചോ ആറോ ദിവസം. മറ്റൊരാളിലേക്ക് പകരാനും അധിക സമയവും ആവശ്യമില്ല. പതിനാല് മുതൽ പതിനാറ് ദിവസം വരെയാണ് കൊറോണ വൈറസിന്റെ ഇൻക്യുബേഷൻ സമയമെന്ന് കരുതപ്പെടുന്നു.കുട്ടികളിൽ വൈറസ് വ്യാപനം കുറവാണെന്നുള്ളതും എടുത്തുപറയേണ്ട സംഗതിയാണ്. 

രേഖകൾ പ്രകാരം രോഗബാധിതരുമായുള്ള സമ്പർക്കം മൂലമാണ് കുട്ടികളിലേക്ക് വൈറസ് വ്യാപിച്ചത്. നിലവിലെ കണക്കുകൾ പ്രകാരം കുട്ടികളിലേക്ക് വൈറസ് വ്യാപിക്കുവാനുള്ള സാധ്യത കുറവാണ്. 19 വയസുവരെയുള്ളവരിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് വളരെ കുറവാണ്.

കുട്ടികളിലും ഗർഭിണികളിലുമാണ് ഇൻഫ്ളുവൻസ വൈറസ് വ്യാപിക്കുന്നതെങ്കിൽ കൊറോണ വൈറസ് പ്രായമായവരിലാണ് അധികവും രോഗം പടർത്തുന്നത്. പ്രായാധിക്യത്താൽ പ്രതിരോധശേഷി കുറയുന്നതിനാൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വളരെ വേഗം പിടിപെടാം.

ഇതുവരെ കോവിഡ്-19നെതിരെ ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. എച്ച്ഐവി ,​ എയ്ഡ്സ് രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ലോപിനാവിർ,​ റിറ്റോനാവിർ എന്നീ മരുന്നുകൾ കോവിഡ്-19 നെതിരെ ഉപയോഗിക്കാറുണ്ട്. പല രാജ്യങ്ങളിലും പല മരുന്നുകളാണ് ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങൾക്ക് അനുസരിച്ചാണ് മരുന്നിന്റെ ഉപയോഗവും. കോവിഡ്-19യെ പ്രതിരോധിക്കാൻ ഇരുപതോളം വാക്സിനുകളുടെ കണ്ടുപിടിത്തം പുരോഗമിക്കുകയാണ്.

ഇതിനെല്ലാം പുറമേ കോവിഡ്-19യെ കുറിച്ച് അറിയപ്പെടാത്ത ചില വസ്തുതകളുണ്ട്. വൈറസിന്റെ ഉറവിടം കൃത്യമായി കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് അതിൽ പ്രധാനം.  മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസ് ആയതിനാൽ പാമ്പ്,​ എലി,​ വവ്വാൽ ഇവയിൽ നിന്നാവാം ഉത്ഭവമെന്ന് കരുതുന്നുവെന്നാണ് വിദഗ്ദാഭിപ്രായം. 

വൈറസിന് പരിണാമസാധ്യതയുണ്ടെന്നും അങ്ങനെയെങ്കിൽ വളരെ വേഗത്തിലാകും ജനിതകഘടനയ്ക്ക് പരിണാമം സംഭവിക്കുകയെന്നും വിശ്വസിക്കുന്നു. എന്നാൽ അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

വൈറസ് പിടിപെട്ടാൽ ഇൻക്യുബേഷൻ സമയത്തിന് ശേഷം മാത്രമേ രോഗലക്ഷണം പ്രകടിപ്പിക്കു. പക്ഷെ ഇൻക്യുബേഷൻ സമയം കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല. അതുപോലെ തന്നെ കൃത്യമായ ചികിത്സ കോവിഡ്-19 നെതിരെയില്ല. രോഗലക്ഷണത്തിനെതിരെയാണ് നിലവിൽ ചികിത്സ നടത്തുന്നത്. വൈറസിനെതിരെ പ്രവർത്തിക്കാൻ ശേഷിയുള്ള ഇരുപതോളം വാക്സിനുകളുടെ കണ്ടുപിടിത്തം പുരോഗമിക്കുന്നുവെന്നു മാത്രമേ ഇപ്പോൾ പറയാനാകൂ.