ദൈവങ്ങള്‍ക്കും കൊറോണപ്പേടി; ശിവ വിഗ്രഹത്തിന് മാസ്‌ക് ധരിപ്പിച്ച് പൂജാരി

single-img
10 March 2020

വരാണസി: കൊറോണ വൈറസിനെ തടയാന്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും മാസ്‌ക് ധരിപ്പിച്ച് പൂജാരി. വരാണസിയിലാണ് സംഭവം. ഭേത്രത്തിലെ ശിവ പ്രതിഷ്ഠയ്ക്കാണ് മാസ്‌ക് ധരിപ്പിച്ചിരിക്കുന്നത്. സംഭവം വാര്‍ത്തയായതോടെ വിശദീകരണവുമായി ക്ഷേത്രത്തിലെ പൂജാരി കൃഷ്ണാനന്ദ് പാണ്ഡെ രംഗത്തെത്തി.

കൊറോണ വൈറസിനെക്കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കുന്നതിനാണ് ഇത്തരമൊരു കാര്യം ചെയ്തതെന്ന് പൂജാരി പറഞ്ഞു. തണുപ്പുകാലത്ത് പ്രതിഷ്ഠയെ വസ്ത്രം ധരിപ്പിക്കുന്നതുപോലെയും,ചൂടുകാലത്ത് എസി ഉപയോഗിക്കുന്നതുപോലെയും ഒരു സാധാരണ പ്രവര്‍ത്തിയായി ഇതിനെ കണ്ടാല്‍ മതിയെന്നും പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

വൈറസിന്റെ വ്യാപനം തടയുന്നതിനായി പ്രതിഷ്ഠയില്‍ ആരും തൊടരുതെന്നും പൂജാരി ആവശ്യപ്പെട്ടു. ഇതുവഴി കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും കൃഷ്ണാനന്ദ് പാണ്ഡെ പറഞ്ഞു. ക്ഷേത്രത്തിലെ പൂജാരികള്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്തതും മാസ്‌ക് ധരിച്ചാണ്.