ഒരു തീരുമാനമെടുത്താൽ അതിൽ നിന്നും പിന്നോട്ട് പോകുമെന്നോ മറുകണ്ടം ചാടുമെന്നോ ആരും സ്വപ്നം കാണണ്ട, എൻ്റെ രക്തം അങ്ങനെയാണ്: കോൺഗ്രസിനെ തിരിച്ചടിച്ച് ജ്യോതിരാദിത്യ സിന്ധ്യയെ പറ്റിയുള്ള പഴയ പോസ്റ്റ്

single-img
10 March 2020

കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞിനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. രാജ്യത്തിനും ജനത്തിനും വേണ്ടി പ്രവർത്തനം തുടരുമെന്നും എന്നാൽ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഇനിയും ജനങ്ങളെ സേവിക്കാനാവില്ലെന്നും അദ്ദ്മഹം പറഞ്ഞു.  അതുകൊണ്ട് പാര്‍ട്ടി വിടുകയാണെന്ന് സിന്ധ്യ രാജിക്കത്തില്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് സിന്ധ്യ രാജിക്കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സിന്ധ്യ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെ, അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒപ്പമാണ് സിന്ധ്യ മോദിയെ കണ്ടത്. സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം മോദി വാഗ്ദാനം ചെയ്തതായാണ് സൂചന. 

ഇതേസമയം മധ്യപ്രദേശിൽ സിന്ധ്യയെ അനുകൂലിക്കുന്ന 14 എംഎൽഎമാർ രാജിക്കത്ത് നൽകി. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിനുള്ളിലെ പോര് മറനീക്കി പുറത്ത് വന്നത്. സിന്ധ്യയെ അനുകൂലിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 18 എംഎല്‍എമാര്‍ ബംഗലൂരുവിലേക്ക് കടന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. 

ഇതേസമയം 2019 നവംബർ 25ന് കേരളത്തിലെ സെെബർ കോൺഗ്രസ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. `എൻ്റെ ശരീരത്തിലോടുന്നത് മധ്യപ്രദശിൻ്റെ തലവനായിരുന്ന ഗോളിയാറിൻ്റെ ദെെവമായിരുന്ന മാധവ്റാവു സിന്ധ്യയുടെ രക്തമാണ്. അതുകൊണ്ട് ഒരു തീരുമാനമെടുത്താൽ അതിൽ നിന്നും പിന്നോട്ട് പോകുമെന്നോ മറുകണ്ടം ചാടുമെന്നോ ആരും സ്വപ്നം കാണണ്ട.´- എന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്. 

സിന്ധ്യ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായി നിലനിൽക്കേ കോൺഗ്രസ് പ്രവർത്തകരെ പോസ്റ്റ് തിരിഞ്ഞുകൊത്തുകയാണ്. ഇപ്പോൾത്തന്നെ ധാരാളമായി പോസ്റ്റ് സോഷ്യൽമീഡിയയിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.