കോവിഡ് ​19: ബീവറേജസ്​ ഔട്​ലെറ്റുകൾ അടച്ചിടണമെന്ന് ആവശ്യം,സിനിമ തീയേറ്റുകള്‍ നാളെ മുതല്‍ അടച്ചിടും

single-img
10 March 2020

തിരുവനന്തപുരം​: കോവിഡ്​19 വെെറസ്​ ബാധയെ പ്രതിരോധിക്കാൻ കനത്ത ജാഗ്രതാ നടപടികളുമായാണ് കേരളം നീങ്ങുന്നത്. സ്കൂളുകൾക്ക് ഈ ഒരുമാസക്കാലം അവധി നൽകിയിട്ടുണ്ട്. അതിനിടയിൽ സംസ്​ഥാനത്തെ ബീവറേജസ്​ ഔട്​ലെറ്റുകൾ താൽകാലികമായി അടച്ചിടണമെന്ന ആവശ്യം ശക്​തമാവുകയാണ്. കേരളത്തിൽ ഏറ്റവുമധികം പേർ ഒത്തുകുടുന്ന ഇടങ്ങളിലൊന്നാണ്​ മദ്യവിൽപന കേന്ദ്രങ്ങൾ. അതു കൊണ്ട് തന്നെ ബീവറേജസ്​ ഔട്​ലെറ്റുകൾ പൂട്ടേണ്ടതിന്റെ ആവശ്യകതയും ആളുകൾ ചൂണ്ടി കാട്ടുന്നുണ്ട്.

കോളജുകളും സ്​കൂളുകളും അംഗൻവാടികളുമടക്കം അടച്ചിടാൻ തീരുമാനിച്ച സംസ്​ഥാന സർക്കാർ ആരാധനകൾക്കും ഉത്സവങ്ങൾക്കും വിവാഹ ചടങ്ങുകൾക്കുമടക്കം നിയന്ത്രണം വരുത്തിയപ്പോഴും ബീവറേജസ്​ ഔട്​ലെറ്റുകളെ ഈ നിയന്ത്രണത്തി​​​െൻറ പരിധിയിൽ നിന്നൊഴിവാക്കിയത്​ കടുത്ത വിമർശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്.

അതേ സമയം വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാള സിനിമകളുടെ പ്രദർശനവും ഷൂട്ടിം​ഗും നിർത്തിവയ്ക്കും. സിനിമ, നാടകം തുടങ്ങിയവ താത്കാലികമായി നിർത്തിവച്ച് ആളുകൾ കൂടിചേരുന്നതിനുള്ള അവസരം ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീസംഘടനകൾ യോ​ഗം ചേർന്ന് ഇക്കാര്യം തീരുമാനിച്ചത്.

സംസ്ഥാനത്ത് ആറുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പന്ത്രണ്ട് പേരാണ് വൈറസ് ബാധിച്ച് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇതില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി നേരിട്ട് ഇടപെട്ടവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം പന്ത്രണ്ടായി. 149 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.